പത്തനംതിട്ട: കൊല്ലമുളയിലെ ജെസ്നയുടെ തിരോധാനം രണ്ടു മാസം പിന്നിട്ടപ്പോൾ സർക്കാർ പ്രഖ്യാപിച്ച അന്വേഷണസംഘം അപര്യാപ്തമാണന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിൽ വിദഗ്ധരായവരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഇപ്പേൾ രൂപീകരിച്ച ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഓപ്പറേഷൻ ഹെഡ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും ചീഫ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖരൻപിള്ളയുമാണ്. എന്നാൽ ഇവർ തന്നെയാണ് ഈ കേസ് നിലവിൽ അന്വേഷിച്ചുവരുന്നത്. ഐജിയുടെ മേൽനോട്ടം കേസിനു ലഭിക്കുന്നതൊഴിച്ചാൽ അന്വേഷണം നടത്തേണ്ടത് നിലവിലുള്ള സംഘം തന്നെയാണ്.
ഈ അന്വേഷണ ടീമിൽ വിദഗ്ധരെ ഉൾപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, കഴിഞ്ഞ രണ്ട് മാസമായി യാതൊരു തെളിവും കണ്ടെത്താത്ത ഈ ഉദ്യോഗസ്ഥരെ തന്നെ വീണ്ടും നിയമിച്ചെന്ന് പ്രഖ്യാപിക്കുമ്പോഴും ഈ ഡിവൈഎസ്പി ജൂലൈ 31 ന് സർവീസിൽ നിന്നും വിരമിക്കുകയാണെന്നതു പോലും പരിഗണിക്കാതെയുമാണ് ഇവരെതന്നെ വീണ്ടും അന്വേഷണ ചുമതലയേല്പിച്ചെന്ന് പ്രഖ്യാപനമുണ്ടായതെന്ന് ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
മാർച്ച് 22 നാണ് കൊല്ലമുളയിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജ് വിദ്യാർഥിനി ജെസ്ന മരിയം ജയിംസ് ദൂരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായത്.വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ നൽകാമെന്ന ഓഫർ നിരത്തി കൈയും കെട്ടി തെളിവ് നാട്ടുകാർ നൽകുന്നതും നോക്കിയിരിക്കുന്ന പോലീസിന്റെ നടപടി വിചിത്രമാണ്.
കുട്ടിയെ നഷ്ടപ്പെട്ട കുടുംബത്തിന്റെ തീരാവേദനയിൽ അതു നാട്ടിലുണ്ടാക്കിയ ഭീതിയും കണക്കിലെടുക്കാതെ സംഭവത്തെ ലാഘവത്തോടെ കാണുന്ന ആഭ്യന്തര വകുപ്പിന്റെ നടപടി ലജ്ജാകരമാണ്. ജെസ്നയുടെ തിരോധാനത്തിലെ ദൂരൂഹത അന്വേഷിച്ചു കണ്ടെത്തും വരെ കോൺഗ്രസ് പ്രക്ഷോഭം തുടരുമെന്നും പ്രക്ഷോഭത്തിന്റെ അടുത്തഘട്ടമായി ജൂൺ രണ്ടാം വാരത്തിൽ നിയമസഭാ മാർച്ച് നടത്തുമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.