കോട്ടയം: ജെസ്നയുടെ തിരോധാനത്തിന് 73 ദിവസം പിന്നിടുന്പോൾ ഏവരും ആകുലതയിലും ആകാംക്ഷയിലും ചോദിക്കുന്നു, ജെസ്ന എവിടെ. ബംഗളുരുവിൽനിന്നും കഴിഞ്ഞ ദിവസം ചെന്നൈയിൽനിന്നും കേട്ട വാർത്തകളിലൊന്നും ജെസ്നയില്ലെന്നു തീർച്ചയായിരിക്കെ ഒരു ചോദ്യം ബാക്കി, ഇങ്ങനെ മതിയോ ഇത്തരമൊരു തിരോധാന കേസിലെ അന്വേഷണം?
ജെസ്ന കേസ് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം ഐജി മനോജ് ഏബ്രഹാമിന്റെ ചുമതലയിൽ തിരുവല്ല ഡിവൈഎസ്പിയുടെ നിയന്ത്രണത്തിൽ ടീമിനെ നിയോഗിച്ചതിനു പിറ്റേന്നാണ് ചെന്നൈയിലെ ചെങ്കൽപ്പെട്ടിൽനിന്നുള്ള ഭയപ്പെടുത്തുന്ന വാർത്തയും ചിത്രവും വന്നത്. അതു ജെസ്നയല്ലെന്ന ആശ്വാസവാർത്ത വന്നിരിക്കെ സ്പെഷൽ ടീം മുഴുവൻ സമയ അന്വേഷണത്തിനിറങ്ങാൻ തെല്ലും വൈകിക്കൂടെന്നാണ് ജനങ്ങൾക്കു പറയാനുള്ളത്.
ജനപ്രതിനിധികളും ആധ്യാത്മിക നേതാക്കളും വനിതാ കമ്മീഷനും കോടതിയും തുടരെ ആവർത്തിക്കുന്പോഴും നോക്കുന്നുണ്ട്, ശ്രദ്ധിക്കുന്നുണ്ട് എന്ന അഴകൊഴന്പൻ മറുപടിയാണ് പോലീസിൽനിന്നുണ്ടാകുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയും എരുമേലി മുക്കൂട്ടുതറയ്ക്കു സമീപം സന്തോഷ് കവല കുന്നത്ത് ജയിംസ് ജോസഫിന്റെ മകളുമായ ജെസ്ന മരിയ ജയിംസ് മാർച്ച് 22ന് രാവിലെ ഒൻപതിനു ബന്ധുവീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയതാണ്.
തുടർന്നു ജെസ്ന മുക്കൂട്ടുതറയിലും തുടർന്ന് എരുമേലിയിലും എത്തിയതായി വിവരമുണ്ട്. 22 വയസുള്ള, ചുരിദാർ ധരിച്ച, കണ്ണാടി വച്ച ഈ യുവതിയെ പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടിൽ സഹോദരനൊപ്പം രാവിലെ ഭക്ഷണമുണ്ടാക്കി, അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് 91 ശതമാനം മാർക്കു കിട്ടിയെന്നു സന്തോഷം പങ്കുവച്ച് യാതൊരു ഭാവവ്യതിയാനവുമില്ലാതെ വീട്ടിൽനിന്നിറങ്ങിയ ജെസ്ന മുക്കൂട്ടുതറ വരെ ഓട്ടോറിക്ഷയിലും തുടർന്ന് ബസിലും എരുമേലി വരെ വന്നതിനാണ് തെളിവുള്ളത്.
പ്രാഥമിക അന്വേഷണം നടത്തിയ വെച്ചൂച്ചിറ പോലീസിന് കേവലം ഒരു മിസിംഗ് കേസ് എന്നതിലുപരി സൂചനയിലോ സാധ്യതയിലോ എത്തിച്ചേരാനായില്ല. സാങ്കേതിമായ താമസസ്ഥലം പത്തനംതിട്ട ജില്ലയിലായതുകൊണ്ട് വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ വന്നുചേർന്നെങ്കിലും ജെസ്ന പഠിരുന്നതു കോട്ടയം ജില്ലയിലെ എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലുള്ള സ്ഥാപനങ്ങളിലാണ്. ഈ സ്റ്റേഷനുകളെയൊന്നും അന്വേഷണത്തിന്റെ തലത്തിൽ ഒരിക്കലും ഉൾപ്പെടുത്തിയില്ല, ഇപ്പോഴും അതേക്കുറിച്ച് ആലോചനയുമുണ്ടായിട്ടില്ല.
ബാഗും കാര്യമായി പണവും മൊബൈലും ഇല്ലാതിറങ്ങിയ ജെസ്ന എരുമേലിയിൽ നിന്ന് എവിടേക്കാണ് നീങ്ങിയത്. അധികമേറെ ബന്ധങ്ങളില്ലാത്ത വിദ്യാർഥിനി മറ്റാരോടുമൊപ്പം പോകാൻ സാധ്യതയില്ലെന്ന് ബന്ധുക്കളും സഹപാഠികളും ആവർത്തിക്കുന്നു. അധ്യാപകർക്കും സുഹൃത്തുക്കൾക്കും പറയാൻ നല്ലതുമാത്രമെയുള്ളുതാനും.
മൊബൈൽ സിഗ്നലും ഒളികാമറകളും ജെസ്ന കാണാതായ പരാതിയുണ്ടായ ദിവസങ്ങളിൽതന്നെ നിരീക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായി. അന്വേഷണം ഊർജിതമാക്കിയപ്പോഴേക്കും ഏറെ നിരീക്ഷണ കാമറകളുടെയും റിക്കോർഡറുകളിൽനിന്നു ചിത്രങ്ങൾ മാഞ്ഞുപോയിരുന്നു.
തുടരെ പ്രതിഷേധങ്ങളും നിവേദനങ്ങളും ഉണ്ടായതല്ലാതെ സ്പെഷൽ സ്ക്വാഡ് കേരളത്തിലും പുറത്തും പോയി അന്വേഷണം ഏകോപിപ്പിച്ചു നടത്തുന്നതിൽ ഗൗരവം കാണിച്ചില്ല. ബംഗളുരുവിൽ ജെസ്നയെ കണ്ടതായി വാർത്ത പരന്നെങ്കിലും അതു സംബന്ധിച്ച അന്വേഷണം ഒരാഴ്ചയ്ക്കുള്ളിൽ നിലച്ചു.
വിവിധ മാധ്യമങ്ങളിലായി ജെസ്നയുടെ ഒട്ടേറെ ഫോട്ടോകൾ പ്രചരിച്ചുകഴിഞ്ഞു. ജെസ്നയുടെ ഫോട്ടോ എത്താത്ത സാമൂഹ്യമാധ്യമങ്ങൾ തുലോം കുറവ്. രാജ്യത്തും വിദേശത്തും ജെസ്നയെക്കുറിച്ച് കേൾക്കാത്തവരും ഫോട്ടോ കാണാത്തവരുമായി ഏറെ മലയാളികളുണ്ടാവില്ല.
വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പ്രതിഫലവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായിട്ട് രണ്ടു മാസവും 13 ദിവസവുമായ വേളയിൽ എവിടെയും ഒരു ചോദ്യം ബാക്കി, ഇങ്ങനെ മതിയോ അന്വേഷണം…?