ജെസ്നയുടെ തിരോധാനം ഇന്ന് ശരാശരിയുടെ മലയാളികളുടെ ചിന്തകളിലും വര്‍ത്തമാനങ്ങളിലും ഇടംപിടിച്ചൊരു വിഷയമാണ്. മാധ്യമങ്ങളിലും ജെസ്നയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദിനംപ്രതി പ്രത്യക്ഷപ്പെടുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാകട്ടെ നിറംപിടിപ്പിച്ച കഥകളുമായി ഓരോദിവസവും എത്തുന്നു. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീദീപികഡോട്ട്കോം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും നിഗമനങ്ങളും ഇനിയുള്ള ദിവസങ്ങളില്‍ വായിക്കാം.
ജെസ്നയുടെ വീട്ടിലേക്ക് ഞങ്ങള്‍ നടത്തിയ യാത്രയും കുടുംബ പശ്ചാത്തലവുമാണ് ആദ്യ ഭാഗങ്ങളില്‍. പത്തനംത്തിട്ട-കോട്ടയം അതിര്‍ത്തിയിലാണ് മുക്കൂട്ടുതറ എന്ന ഇടത്തരം ടൗണ്‍. എട്ട് കിലോമീറ്ററിലേറെ യാത്ര ചെയ്താലാണ് ജെസ്നയുടെ വീട് സ്ഥിതി ചെയ്യുന്ന കൊല്ലമുള സന്തോഷ് കവലയില്‍ എത്തുക. ബസ് സര്‍വീസ് ഇല്ലാത്ത ടാര്‍ പൊളിഞ്ഞു തുടങ്ങിയ ഇടുങ്ങിയ റോഡിനരികിലാണ് ജെന്സയുടെ വീട്. മുക്കൂട്ടുതറയില്‍ ജെജെ കണ്‍സ്ട്രഷന്‍സ് എന്ന നിര്‍മാണ കമ്പനി നടത്തുകയാണ് ജെസ്നയുടെ പിതാവ് ജെയിംസ്.
ഒരുനിലയില്‍ തീര്‍ത്ത മനോഹരമായൊരു വീട്. ജെയിംസിന്റെ നിര്‍മാണ രംഗത്തെ അനുഭവ സമ്പത്ത് വീടിന്റെ നിര്‍മിതയിലും പ്രതിഫലിച്ചിട്ടുണ്ട്. ഒരുനിലയാണെങ്കിലും അണ്ടര്‍ഗ്രൗണ്ട് പോലെ താഴെയാണ് അടുക്കള. സൈന്യത്തിലായിരുന്നു ജെയിംസിന്റെ പിതാവ്. ആറു സഹോദരിമാര്‍ക്ക് ഒരൊറ്റ സഹോദരന്.
മക്കളില്‍ നാലാമനായ ജെയിംസ് തന്റെ സഹോദരിമാരുടെയെല്ലാം വിവാഹം കഴിഞ്ഞ ശേഷമാണ് തൃശൂര്‍ സ്വദേശിയായ ഫാന്‍സിയെ ജെയിംസ് തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത്. കഴിഞ്ഞവര്‍ഷം ജൂലായില്‍ പനിബാധിച്ച് ഫാന്‍സി മരണമടഞ്ഞു. ചെറിയ ചെറിയ കണ്സ്ട്രഷന് ജോലികള്‍ ഏറ്റെടുത്ത് പതിയെ പതിയെ സാമ്പത്തികമായി ഉന്നത നിലയിലേക്ക് ജെയിംസ് എത്തി. ഇപ്പോള്‍ മുക്കൂട്ടുതറയില്‍ സ്വന്തമായി ഓഫീസും 150ലേറെ ജീവനക്കാരുമുണ്ട്.
ജെസ്നയെ വീടിനടുത്തു വച്ച് അവസാനം കണ്ടത് ലൗലിയെന്ന അയല്‍വാസിയാണ്. ജെസ്നയുടെ വീടിന് മുഖാമുഖം റോഡിന് അപ്പുറത്താണ് ഇവരുടെ വീട്. ജെസ്നയ്ക്ക് ഇവിടെ ഏറ്റവുമധികം അടുപ്പമുണ്ടായിരുന്നത് ലൗലിയുടെ കുട്ടികളുമായിട്ടായിരുന്നു. ലൗലിയുടെ മൂന്നു മക്കളില്‍ മൂത്ത പെണ്‍കുട്ടി ജെസ്നയുടെ കോളജില്‍ തന്നെയാണ് പഠിക്കുന്നത്. ഇളയ രണ്ടു ചെറിയ കുട്ടികളുമായി വൈകുന്നേരങ്ങളില്‍ ഷട്ടില്‍ ബാറ്റും ക്രിക്കറ്റുമൊക്കെ കളിക്കാന്‍ ജെസ്ന കൂടാറുണ്ടായിരുന്നു.
ലൗലിയുമായി സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമം നടത്തിയെങ്കിലും അവര്‍ വലിയ താല്പര്യം പ്രകടിപ്പിച്ചില്ല. തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ചാനലുകാരും പോലീസുമൊക്കെ അടിക്കടി വരുകയും ഇവരുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ അതായിരിക്കാം ക്യാമറയ്ക്കു മുന്നില്‍ വരാന്‍ അവര്‍ മടിച്ചതിനു കാരണം. ജെസ്നയുടെ കളിക്കൂട്ടുകാരായ കുട്ടികളും ഞങ്ങളെ കണ്ടതേ വീടിനകത്ത് കയറി കതകടച്ചു. ഈ പ്രദേശത്തെ മിക്ക ആളുകളും ഇപ്പോള്‍ ഇങ്ങനെയാണ് പെരുമാറുന്നത്. എന്തോ ഒരു ഭയം അവരെ ഗ്രസിച്ചിട്ടുണ്ട്. അപരിചിത വാഹനങ്ങളും പോലീസുകാരും ഈ പ്രദേശത്ത് ഇപ്പോള്‍ സാധാരണ കാഴ്ച്ചയാണ്. അതുകൊണ്ട് തന്നെയാകും സംസാരിക്കാന്‍ പോലും ആളുകള്‍ മടിക്കുന്നത്.