കോട്ടയം: ജെസ്ന തിരോധാനക്കേസിൽ ലോക്കൽ പോലീസ് അന്വേഷണം നിലച്ചു. വെച്ചൂച്ചിറ പോലീസ് ഫയൽ മടക്കി ക്രൈം ബ്രാഞ്ചിനു കൈമാറാൻ താത്പര്യം അറിയിച്ചിട്ടും കേസ് ഏറ്റെടുക്കാൻ ക്രൈം ബ്രാഞ്ചിനു താത്പര്യമില്ല. ഒരു തെളിവും അഞ്ചു മാസം അന്വേഷിച്ചിട്ടും ലോക്കൽ പോലീസിനു കണ്ടെത്താനാകാത്ത സാഹചര്യത്തിലാണു ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്നു വയ്ക്കുന്നത്.
ലക്ഷക്കണക്കിന് ഫോണ് കോളുകളുടെ ലൊക്കേഷൻ രേഖകളും ജെസ്നയുടേതെന്നു സംശയിക്കുന്ന ഒരു സിസിടിവി ദൃശ്യവും ജെസ്നയുടെ കുറെ നോട്ടുബുക്കുകളും മൊബൈൽ മെസേജുകളും പോലീസിനു ലഭിച്ച ഏതാനും ഊമക്കത്തുകളും മാത്രമെ ലോക്കൽ പോലീസിന്റെ കൈവശമുള്ളു. ഇതിലൊന്നുപോലും സാധ്യതയിലേക്കും സൂചനയിലേക്കും വിരൽചൂണ്ടുന്നതല്ലെന്ന സാഹചര്യത്തിലാണു കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് താത്പര്യപ്പെടാത്തത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബികോം വിദ്യാർഥിനിയായ ജെസ്ന ജയിംസിനെ മാർച്ച് 22ന് രാവിലെ കാണാതായതാണ്. വെച്ചൂച്ചിറ പോലീസ് നടത്തിയ അന്വേഷണത്തിൽ സൂചന ലഭിക്കാത്ത സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴും അന്വേഷണം ശരിയായ ദിശയിലാണെന്ന റിപ്പോർട്ടാണ് ലോക്കൽ പോലീസ് കോടതിയെ അറിയിച്ചുകൊണ്ടിരുന്നത്. തിരുവല്ല ഡിവൈഎസ്പിയുടെ ചുമതലയിൽ മൂന്നുമാസം അന്വേഷണം കഴിഞ്ഞപ്പോൾതന്നെ ലോക്കൽ പോലീസ് ഏറെക്കുറെ പിൻവാങ്ങാനുള്ള താത്പര്യത്തിലായിരുന്നു.
വെച്ചൂച്ചിറ എസ്ഐയുടെ നേതൃത്വത്തിൽ 20 പോലീസുകാർ കേസ് അന്വേഷിച്ചെങ്കിലും വ്യക്തമായ സൂചനയുണ്ടായില്ല. ബംഗളൂരു, ചെന്നൈ, മൈസൂരു, ഹൈദരാബാദ് തുടങ്ങി വിവിധ ഇടങ്ങളിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു.
ജെസ്നയെ കണ്ടതായി വിവിധ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടാകാത്തതിനാൽ രണ്ടു മാസമായി ജെസ്ന തിരോധാന കേസ് പോലീസ് അന്വേഷിക്കുന്നില്ല. പ്രളയത്തെത്തുടർന്ന് പോലീസ് രക്ഷാപ്രവർത്തനത്തിലേക്കു ശ്രദ്ധ കൊടുത്തതോടെയാണ് കേസ് അന്വേഷണത്തിൽനിന്നു പിൻതിരിഞ്ഞത്.
മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്നു കണ്ടെടുത്ത ജെസ്നയുടേതെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ജെസ്ന മുണ്ടക്കയം വരെ എത്തിയതായി പോലീസ് പറയുന്ന രേഖ. എന്നാൽ ദൃശ്യങ്ങളിൽ ജെസ്നയാണെന്ന സ്ഥിരീകരണം ഇനിയുമുണ്ടായിട്ടില്ല.
ജെസ്നയുമായി അടുപ്പമുണ്ടായിരുന്നു എന്നു പോലീസ് പറയുന്ന സഹപാഠിയുമായി ബന്ധപ്പെട്ട ഫോണ് രേഖകളും പോലീസ് കേസിലെ സൂചനകളായി കണ്ടെത്തിയെങ്കിലും വ്യക്തമായ നിഗമനത്തിൽ എത്തിച്ചേരാൻ പോലീസിനായിട്ടില്ല. നാളെ ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.
അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാണ് ജെസ്നയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്. പോലീസ് അന്വേഷണം വ്യക്തമായ ദിശയിലെത്താത്തതിൽ പരക്കെ വിമർശനമുയർന്നിട്ടുണ്ട്. കേസ് അന്വേഷിച്ച പോലീസ് ടീം ഒരാഴ്ചയായി ശബരിമലയിൽ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. കേസ് ഫയൽ ഏറ്റെടുക്കാൻ പോലും ക്രൈം ബ്രാഞ്ച് തയാറാകാത്ത സാഹചര്യത്തിൽ ഹൈക്കോടതി കേസ് സിബിഐക്കു ശിപാർശ ചെയ്യുമെന്നാണ് സൂചന.