തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് ആറു വർഷം മുമ്പ് കാണാതായ ജെസ്ന മറിയം ജയിംസ് ജീവിച്ചിരിപ്പില്ലെന്നു പറയാൻ സാധിക്കില്ലെന്നു കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥൻ.ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നില്ല.
ജെസ്ന ഗർഭിണി ആയിരുന്നില്ല. ജെസ്ന മരണപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ നിപുൽ ശങ്കർ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ വ്യക്തമാക്കി. ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്കു കൈമാറിയിരുന്നു എന്നാണ് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്.
ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിന് കോടതി നിർദേശം അനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വന്നത്.കേസിലെ പ്രധാന സംഭവങ്ങളിൽ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്നും കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റ മൊഴി പോലും സിബിഐ രേഖപ്പെടുത്തിയില്ലെന്നും ജെസ്നയുടെ പിതാവിന്റെ അഭിഭാഷകൻ ശ്രീനിവാസൻ വേണുഗോപാൽ വാദിച്ചു.
ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിക്ക് എങ്ങനെയാണ് ഇത്തരം വീഴ്ചകൾ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, കേസിന്റെ മുഴുനീള അന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി എടുത്തിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകി. അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.