കോട്ടയം: ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ സിബിഐയുടെ തുടര്‍ അന്വേഷണത്തോടെ കൃത്യമായ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ്. ജെസ്നയെ കാണാതായ സാഹചര്യവും മകള്‍ക്ക് ദുര്യോഗം സംഭവിക്കാനിടയായതു സംബന്ധിച്ച സൂചനകളും മേയ് മൂന്നിന് തിരുവനന്തപുരം സിജെഎം കോടതിയെ ധരിപ്പിക്കും. സിബിഐ തുടര്‍ അന്വേഷണത്തിന് തയാറാണെന്നത് തനിക്ക് ആശ്വാസം നല്‍കുന്നതായി ജയിംസ് ജോസഫ് പറഞ്ഞു.
ജെസ്നയെ കാണാതായ ദിവസത്തെ യാത്രയെക്കുറിച്ചും അവള് എത്തിച്ചേര്‍ന്ന സ്ഥലത്തെക്കുറിച്ചും അവിടെ എത്താനുള്ള സാഹചര്യത്തെക്കുറിച്ചും കോടതിക്ക് വ്യക്തമായ തെളിവ് നല്‍കാനുണ്ട്. മുന്‍പ് ഇക്കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ സിജെഎം കോടതി അനുഭാവത്തോടെയാണ് വാദങ്ങള്‍ കേട്ടറിഞ്ഞത്.
ജെസ്ന ജീവിച്ചിരിക്കുന്നതായി വിശ്വസിക്കുന്നില്ലെന്നും അവളെ അപായപ്പെടുത്തിയതാണെന്നുമുള്ള സംശയമാണ് പിതാവിനുള്ളത്. മുണ്ടക്കയത്തിന് സമീപമുള്ള ഒരു പ്രാര്ഥനാകേന്ദ്രത്തെയും ചില വ്യക്തികളെയും കുറിച്ചുള്ള സംശയങ്ങളാണ് കോടതിയെ ധരിപ്പിക്കുന്നത്.
പോലീസും സിബിഐയും മുന്‍പ് അന്വേഷണപരിധിയില്‍ കൊണ്ടുവരാതിരുന്ന കാര്യങ്ങള്‍ സ്വകാര്യ അന്വേഷണത്തിലൂടെ കണ്ടെത്തിയതായി ജയിംസ് പറഞ്ഞു.
ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിലെ വീഴ്ചയും സിബിഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താതെ പോയ സാഹചര്യങ്ങളും കോടതിയെ ധരിപ്പിക്കും. ജെസ്ന മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നതിലും മതം മാറ്റപ്പെട്ടു എന്നതിലും തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നുമാണ് സിബിഐ മുന്‍പ് സിജെഎം കോടതിയെ ധരിപ്പിച്ചത്.
ജെസ്നയുടെ പിതാവ് വ്യക്തമായ തെളിവുകള്‍ നല്‍കാനും ആവശ്യമുള്ള സഹായങ്ങള്‍ ഉറപ്പാക്കാനും തയാറായിരിക്കേ കേസ് വീണ്ടും അന്വേഷിക്കാന്‍ തയാറാകണമെന്നാണ് കോടതി താത്പര്യപ്പെട്ടിരിക്കുന്നത്. സീല്‍ ചെയ്ത കവറില്‍ തനിക്കു ബോധിപ്പിക്കാനുള്ള തെളിവുകള്‍ മൂന്നിന് കോടതിയില്‍ സമര്‍പ്പിക്കും.സിജെഎം കോടതി ഇത് സിബിഐക്ക് കൈമാറി വൈകാതെ അന്വേഷണം തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ജയിംസ് ജോസഫ് വ്യക്തമാക്കി.