എരുമേലി: ജെസ്നയുടെ തിരോധാനത്തിന് അഞ്ചു വര്‍ഷം അടുക്കുമ്പോഴും യുവതി ജീവിച്ചിരിപ്പുണ്ടോ എന്നതില്‍പോലും വ്യക്തമായ ഉത്തരമില്ല. എട്ടു മാസത്തെ അന്വേഷണത്തിനുശേഷം സിബിഐയും ഓഫീസ് പൂട്ടി മടങ്ങി.
മുക്കൂട്ടുതറ സന്തോഷ്കവല കുന്നത്ത് ജെയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബികോം വിദ്യാര്‍ഥിനിയുമായിരുന്ന ജെസ്ന മരിയ ജെയിംസിനെ ഇരുപതാം വയസില്‍ 2018 മാര്‍ച്ച് 22ന് രാവിലെയാണു കാണാതായത്.
മുണ്ടക്കയം പുഞ്ചവയലില്‍ പിതൃസഹോദരിയുടെ വീട്ടിലേക്കു പോകുന്നതായി പറഞ്ഞിറങ്ങിയ ജെസ്ന എരുമേലിയിലും തുടര്‍ന്നു മുണ്ടക്കയത്തും എത്തിയതായാണ് സൂചനകള്‍.
പിന്നീട് ജെസ്നയെ കണ്ടവരില്ല. കാണാതായ അന്നു രാത്രി തന്നെ ജെയിംസ് വെച്ചൂച്ചിറ പോലീസില്‍ പരാതി നല്കി. പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജെസ്ന കൈയില്‍ കരുതിയിട്ടില്ലായിരുന്നു.
വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മൂന്നര കിലോമീറ്റര്‍ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെനിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസില്‍ കയറിയെന്നുമാണു പോലീസ് സൂചനകളുടെ അടിസ്ഥാനത്തില്‍ കരുതുന്നത്.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. ജെസ്നയുടെ ഫോണ്‍ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് ബംഗളൂരൂ, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ വിവരശേഖരണപ്പെട്ടി സ്ഥാപിക്കുകയും എന്തെങ്കിലും വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഡിജിപി അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിക്കുകയും ചെയ്തിമൂന്നുദിവസങ്ങളിലായി നടക്കുന്ന കായികമേള ഇന്ന് സമാപിക്കും. രുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ നടത്തിയ അന്വേഷണത്തില്‍ പോലീസ് അന്വേഷണത്തേക്കാള്‍ മുന്നോട്ടുപോകുന്ന സൂചനകള്‍ ലഭിച്ചില്ല.
ജീവിച്ചിരിപ്പുണ്ടോ എന്നതില്‍പോലും വ്യക്തമായ ഉത്തരമില്ലാതെയാണ് സിബിഐ മടങ്ങിയത്. ജെസ്നയെ മതം മാറ്റി വിദേശത്തേക്ക് കടത്തിയെന്നതുള്‍പ്പെടെ ഒട്ടേറെ കഥകള്‍ പ്രചരിച്ചിരുന്നു.