കോട്ടയം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസ് തിരോധാന കേസുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി അടുത്തയിടെ നടത്തിയ വെളിപ്പെടുത്തലിന് അടിസ്ഥാനമില്ലെന്ന നിഗമനത്തില്‍ സിബിഐ സംഘം.
യഥാര്‍ഥ പ്രതിയില്‍നിന്ന് കേസ് അന്വേഷണം വഴിതിരിച്ചുവിടുള്ള നീക്കമാണോ ലോഡ്ജ് ജീവനക്കാരി നടത്തിയെന്നാണ് സംശയം.കാണാതാകുന്നതിന് തൊട്ടു മുന്‍പത്തെ ദിവസം ജെസ്ന ഇതേ ലോഡ്ജില്‍ എത്തിയെന്നും ഒരു യുവാവ് അവിടെ അന്വേഷിച്ചെത്തിയെന്നും വൈകുന്നേരത്തോടെ ഒരുമിച്ചു മടങ്ങിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
സിബിഐ ഇവരില്‍നിന്ന് വിശദീകരണം തേടിയെങ്കിലും നിലവില്‍ സിബിഐ നടത്തുന്ന അന്വേഷണസാഹചര്യങ്ങളുമായി ഇതിനു ബന്ധമില്ല.
മുണ്ടക്കയം, വെള്ളനാടി, കണ്ണിമല, എരുമേലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നാലംഗ ടീം രണ്ടു മാസമായി അന്വേഷണം നടത്തിവരുന്നത്. അധ്യാപകര്‍, സഹപാഠികള്‍ ഉള്‍പ്പെടെ നിരവധി പേരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
മുന്‍പ് സിബിഐ നടത്തിയ അന്വേഷണത്തില്‍ പരിധിയില്‍ വരാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ് നല്കിയ സൂചനകളും സാധ്യകളുമാണ് പരിശോധിക്കുന്നത്. 2018 മാര്‍ച്ച് 22നാണ് മുക്കൂട്ടുതറയില്‍നിന്ന് ജെസ്നയെ കാണാതായത്.