മുക്കൂട്ടുതറ: മകളുടെ തിരോധാനത്തിൽ ഇത്രയേറെ വേട്ടയാടപ്പെട്ട പിതാവ് ഒരുപക്ഷേ, താൻ മാത്രമാവുമെന്ന് ജെസ്ന മരിയ ജയിംസിന്റെ പിതാവ് മുക്കൂട്ടുതറ കുന്നത്ത് ജയിംസ്.
അഞ്ചുവർഷമായി അവളെ കാണാതായിട്ട്. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സിബിഐയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സത്യം പുറത്തുവരാൻ സർക്കാരും നീതിപീഠവും ശക്തമായി ഇടപെടണം.
അന്വേഷണം തുടരുന്നതിനുവേണ്ടി ഫലപ്രദമായ ഇടപെടൽ ഉണ്ടാകണം. അഞ്ചു വർഷം മുമ്പ് ജെസ്നയെ കാണാതായ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കില്ല.
ലോക്കൽ പോലീസ് അലസതയോടെയാണ് തന്റെ പരാതിയിൽ പ്രതികരിച്ചത്. ജെസ്നയെ തേടാൻ അന്ന് പോലീസ് തയാറായില്ല. ദിവസങ്ങളോളം താൻ സ്വന്തം നിലയിൽ അന്വേഷണം നടത്തിയപ്പോഴാണ് പോലീസ് അന്വേഷണം ഉണ്ടായത്.
കേസിന്റെ തുടക്കത്തിൽത്തന്നെ ഉണ്ടായ ആ അലംഭാവമാണ് തന്റെ മകളെ നഷ്ടപ്പെടുത്തിയത്. ഇതിനിടെ ഇല്ലാക്കഥകൾ ഉണ്ടാക്കി ചിലർ തനിക്കെതിരേ പ്രചരിപ്പിച്ചു. തന്റെ മക്കളെയും ബന്ധുക്കളെയും ഇവർ വെറുതെ വിട്ടില്ല.
വീടിന്റെ അറ്റകുറ്റപ്പണി നടത്തിയത് കൊലപാതകം മറയ്ക്കാനാണെന്നുവരെ പ്രചരിപ്പിച്ചു. പോലീസിൽ ചിലരും ചില രാഷ്ട്രീയക്കാരും ഏതാനും മാധ്യമ പ്രവർത്തകരും മെനഞ്ഞെടുത്ത കഥകൾ വലിയ മനോവേദനയാണ് സൃഷ്ടിച്ചത്.
തന്റെ ബിസിനസിലെ ചില ശത്രുക്കളും കിട്ടിയ അവസരം മുതലാക്കി. കോടതിയുടെ അനുമതി വാങ്ങി നുണപരിശോധനയ്ക്കുവരെ താൻ വിധേയനായത് സത്യം പുറത്തു വരണമെന്ന ആഗ്രഹത്തിലാണ്.
അതിനുള്ള ശ്രമം ഇനിയും തുടരുമെന്നും പറഞ്ഞ ജയിംസ് പോലീസ് ഉദ്യോഗസ്ഥനായ ടോമിൻ ജെ. തച്ചങ്കരി ഇന്നലെ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും പറഞ്ഞു.
ജെസ്നയെക്കുറിച്ച് നിർണായക സൂചന ലഭിച്ചപ്പോൾ അന്വേഷണം നടത്താൻ കഴിയാതിരുന്നതു തമിഴ്നാട്ടിൽ കോവിഡ് നിയന്ത്രണം മൂലമാണെന്നു ടോമിൻ ജെ. തച്ചങ്കരി പറഞ്ഞത് അടിസ്ഥാനരഹിതമാണെന്ന് ജയിംസ് പറഞ്ഞു.
ഉന്നത ഇടപെടൽ നടത്തിയാൽ കോവിഡ് നിയന്ത്രണമുണ്ടെങ്കിലും അന്വേഷണം നടത്താൻ കഴിയുമായിരുന്നുവെന്ന് ജയിംസ് പറഞ്ഞു.