പത്തനംതിട്ട മുക്കട്ടുതറയില്‍ നിന്ന് അപ്രത്യക്ഷയായ ജെസ്ന ജെയിംസിന്റെ തിരോധാനത്തില്‍ രണ്ടു ദിവസത്തിനിടെ നിര്‍ണായക വഴിത്തിരുവകള്‍. ആദ്യം മുണ്ടക്കയത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ജെസ്നയുടേതാണെന്ന് ഉറപ്പിച്ച പോലീസ് പെണ്‍കുട്ടി ജീവനോടെ ഇപ്പോഴും ഉണ്ടെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തില്‍ നിര്‍ണായകമായേക്കുന്നതാണ് ജെസ്ന മരിച്ചിട്ടില്ലെന്ന അന്തിമ വിലയിരുത്തല്‍. അതോടൊപ്പം മറ്റൊരു കാര്യത്തില്‍ കൂടി പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്.
ജെസ്നയെ കാണാതായ ദിവസം കോളജില്‍ ഒപ്പം പഠിക്കുന്ന പുഞ്ചവയല്‍ സ്വദേശിയായ ആണ്‍സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്ന വിവരമാണത്. ജെസ്ന ഓട്ടോയില്‍ കയറി പോകുന്നതിന് അരമണിക്കൂര്‍ മുമ്പാണ് ഈ കോള്‍ പോയിരിക്കുന്നത്. പത്തു മിനിറ്റോളം ഇരുവരും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആണ്‍കുട്ടി കാര്യങ്ങള്‍ തെളിച്ചു പറയാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
ജെസ്ന മുണ്ടക്കയത്ത് എത്തിയെന്ന് തെളിഞ്ഞതും ആ സമയത്ത് ആണ്‍കുട്ടിയുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന കാര്യവും സ്ഥിരീകരിച്ചതോടെ ആണ്കുട്ടിയില് കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. അതേസമയം ജെസ്നയെ തേടി ബെംഗളൂരുവിലെത്തിയ അന്വേഷണസംഘം വിമാനത്താവളത്തില്‍ നിന്ന് മാര്‍ച്ച് 22 മുതല്‍ ഒരാഴ്ച വിദേശത്തേക്കും ഹൈദരാബാദ് ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പോയ യാത്രക്കാരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ജെസ്യോടു സാമ്യമുള്ള പെണ്‍കുട്ടിയെ മേയ് അഞ്ചിന് വിമാനത്താവളത്തില്‍ കണ്ടെന്ന് കാഞ്ഞിരപ്പള്ളി സ്വദേശി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണസംഘം ബംഗളൂരുവിലെത്തിയത്. വിമാനത്താവളത്തില്‍ ജോലിയുള്ള ഏതാനും മലയാളികളോടു വിവരങ്ങള്‍ ആരാഞ്ഞെങ്കിലും അവരാരും ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ കണ്ടില്ലെന്നായിരുന്നു പറഞ്ഞത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും എമിഗ്രേഷന്‍ രേഖകളും പരിശോധിക്കാന്‍ പോലീസിനായില്ല. എന്തായാലും ജെസ്നയെ അടുത്തു തന്നെ കണ്ടെത്താമെന്ന പ്രതീക്ഷ പോലീസിന് വര്‍ധിച്ചിട്ടുണ്ട്.