കോട്ടയം: ജെസ്ന തിരോധാന കേസിൽ ക്രൈം ബ്രാഞ്ച് ജെസ്നയുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്ന് വീണ്ടും മൊഴിയെടുക്കും. 2018 മാർച്ച് 22ന് രാവിലെ ജെസ്ന വീടുവിട്ടു പോയ സാഹചര്യത്തിൽ സ്ഥിരീകരണം ലഭിക്കാനാണ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും വിവരങ്ങൾ ആരായുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിനെ (20) ബികോം നാലാം സെമസ്റ്റർ മോഡൽ പരീക്ഷ എഴുതിയതിനു പിന്നാലെയാണ് കാണാതായത്. ഏപ്രിൽ ആദ്യവാരം യൂണിവേഴ്സിറ്റി പരീക്ഷ തുടങ്ങേണ്ടതുമായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ പരീക്ഷയ്ക്ക് 12 ദിവസം ബാക്കിനിൽക്കെ, ജെസ്ന വ്യക്തമായി വീട്ടിൽ ഒന്നും പറയാതെ എവിടേക്കായിരിക്കാം പോയതെന്നാണ് പോലീസിനെ കുഴയ്ക്കുന്നത്.
മുൻപു കരുതിയതുപോലെ പുഞ്ചവയലിലുള്ള ആന്റിയുടെ വീട്ടിലേക്കായിരിക്കില്ല ജെസ്ന പോയതെന്നും മറ്റാരുടെയെങ്കിലും ഇടപെടൽ ഇതിൽ ഉണ്ടായിട്ടുണ്ടാകാം എന്നുമാണ് സംശയിക്കുന്നത്.
അധികം സംസാരിക്കുകയോ ഏറെ ബന്ധങ്ങൾ സ്ഥാപിക്കുകയോ ചെയ്യാത്ത ജെസ്ന മറ്റൊരാൾക്കൊപ്പം പോകാനുള്ള സാധ്യതയില്ല.ജെസ്നയുടെ വിവിധ പ്രായത്തിലെ മാനസിക നിലയും വീട്ടിലെ സാഹചര്യങ്ങളും അടിസ്ഥാനമാക്കി പോലീസ് നിഗമനങ്ങളും വിലയിരുത്തലും നടത്തുന്നുണ്ട്.
ബന്ധുവായ ഒരു കന്യാസ്ത്രീയെ പോലീസ് കണ്ട് സംസാരിച്ചിരുന്നു. പഠനഭാരമല്ല മറിച്ചു വ്യക്തിപരമായ പ്രശ്നങ്ങളാണ് ജെസ്നയെ അലട്ടിയിരുന്നതെന്നും ഇത്തരത്തിൽ മറ്റൊരുടെയെങ്കിലും സഹായമോ സാന്ത്വനമോ തേടിയാവാം പോയതെന്നുമാണ് പോലീസ് വിലയിരുത്തൽ. വീടുവിട്ടുള്ള യാത്രയിൽ അപ്രതീക്ഷിതമായി മാറ്റാരുടെയെങ്കിലും കൈയിൽപ്പെട്ടുപോകാനുള്ള സാഹചര്യം പോലീസ് തള്ളിക്കളയുന്നില്ല.
ജീവിതം മടുത്തുള്ള കൃത്യത്തിന് പോയതാണെങ്കിൽ വീടുവിട്ടുപോകേണ്ട ആവശ്യമില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നത്. ആഴ്ചകൾക്കുള്ളിൽ കേസിൽ നിർണായകമായ തീരുമാനത്തിലെത്താമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.