കോട്ടയം: ജെസ്നാ മരിയ ജെയിംസ് തിരോധാനക്കേസില്‍ മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ അടിസ്ഥാന രഹിതമെന്ന് സൂചന. ജെസ്ന മരിയയെ കാണാതായി ആറു വര്‍ഷം പിന്നിടുകയും തുടര്‍ച്ചയായ അന്വേഷണങ്ങള്‍ നടക്കുകയും ചെയ്തപ്പൊഴൊന്നും നടത്താത്ത വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്തിയത് വ്യക്തിഹത്യ ലക്ഷ്യമിട്ടാണെന്ന് പോലീസ് സംശയിക്കുന്നു.
ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സിബിഐ രണ്ടു മാസമായി തുടര്‍അന്വേഷണം നടത്തിവരികയാണ്.ജെയിംസ് കോടതിയില്‍ നല്കിയ സൂചനകളിലും സാധ്യതകളിലും തെളിവുകളിലും ലോഡ്ജുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്ല.
ഒരു പ്രാര്‍ഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ജെയിംസ് ഉന്നയിച്ചത്. ജെസ്നയെ കാണാതായ ദിവസം ഉച്ചയോടെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ ജെസ്നയുടെ മുഖച്ഛായയുള്ള തലയില്‍ ഷാളിട്ട ഒരു യുവതി കൈയില്‍ വസ്ത്രാലയത്തില്നിന്നുള്ള കവര്‍ പിടിച്ചു നടന്നുവരുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.
പോലീസ് അന്വേഷണത്തില്‍ ഈ യുവതി മുണ്ടക്കയത്തിന് സമീപമുള്ള മറ്റൊരാളാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിലും ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നാണ് സൂചന. സിബിഐ ഇവരില്‍നിന്നു വിവരങ്ങള്‍ ആരായും.
ജോലിയില്‍നിന്നു പുറത്താക്കിയതില്‍ ലോഡ്ജ് ഉടമയ്ക്കെതിരേ വ്യക്തിഹത്യ നടത്താനാണ് ഈ ആരോപണമെന്ന് പോലീസ് സംശയിക്കുന്നു. മാത്രവുമല്ല ആറു വര്‍ഷമായിട്ടും ഇങ്ങനെയൊരു വിവരം ഒളിച്ചുവച്ചത് എന്തുകൊണ്ടെന്നാണ് സംശയം.ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട സിബിഐയുടെ നാലംഗ ടീം മുണ്ടക്കയം, എരുമേലി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. പീരുമേട്, എരുമേലി, കണ്ണിമല, മുക്കൂട്ടുതറ തുടങ്ങി വിവിധയിടങ്ങളില്‍ ടീം അന്വേഷണം നടത്തുന്നുണ്ട്.
സിബിഐ അന്വേഷണം ഏറെക്കുറെ നിര്‍ണായകമായ നിഗമനത്തില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് ലോഡ്ജ് അടിസ്ഥാനമാക്കിയ ആക്ഷേപം മുന്‍ ജീവനക്കാരി എന്തിന് ഉന്നയിച്ചു എന്നതിലും സിബിഐ സംശയം പ്രകടിപ്പിക്കുന്നു. ജെസ്നയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരോട് ജീവനക്കാരി ഇത്തരമൊരു കാര്യം കഴിഞ്ഞ മാസം ഉന്നയിച്ചിരുന്നു. അവര്‍ ഇതില്‍ ശ്രദ്ധ കൊടുക്കാതെ വന്നപ്പോഴാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ലോഡ്ജുമായി ബന്ധപ്പെടുത്തിയുള്ള ആക്ഷേപം പറയുന്നത്.
ജെസ്ന പരീക്ഷ എഴുതാനെത്തിയതാണെന്നു ധരിപ്പിച്ച് ലോഡ്ജില്‍ മുറിയെടുത്തെന്നും അല്പം കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന് മുറിയിലെത്തിയെന്നും നാലോടെ ഇരുവരും പുറത്തേക്കു പോയെന്നുമാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ലോഡ്ജില്‍ കണ്ടത് ജെസ്നയെയാണെന്ന് മനസിലായത് പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്ജുടമയുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും വ്യക്തിവൈരാഗ്യമാണ് ഇതിനു പിന്നിലെന്നുമാണ് ലോഡ്ജുടമയുടെ പ്രതികരണം. ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ജെസ്നയുടെ പിതാവ് ജെയിംസും തള്ളിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ജെയിംസ് സംശയിക്കുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷം ബികോം വിദ്യാര്ഥിനയായിരുന്ന ജെസ്നയെ 2018 മാര്‍ച്ച് 22നാണ് കാണാതായത്. കൊല്ലമുളയില്‍നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും തുടര്‍ന്ന് സ്വകാര്യബസില്‍ എരുമേലി സ്റ്റാന്‍ഡിലും എത്തിയതായി സാക്ഷികളുണ്ട്. പഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്നു പറഞ്ഞാണ് വീട്ടില്‍നിന്ന് പുറപ്പെട്ടത്. ജെസ്ന മുണ്ടക്കയത്തിനുള്ള സ്വകാര്യ ബസില്‍ കയറിയെങ്കിലും മുണ്ടക്കയത്തിന് മുന്‍പ് ബസില്‍നിന്ന് ഇറങ്ങിയതായാണ് സംശയിക്കുന്നത്.