കോട്ടയം: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തില് സിബിഐയുടെ തുടരന്വേഷണത്തിന് സാധ്യത. സിബിഐ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും കണ്ടെത്തല് പൂര്ണമല്ലെന്നും വ്യക്തമാക്കി ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില് ഹര്ജി നല്കിയിരുന്നു. ജെയിംസ് സമര്പ്പിച്ച ഹര്ജിയില് ആക്ഷേപമുണ്ടെങ്കില് അറിയിക്കാന് കോടതി സിബിഐക്ക് നിര്ദേശം നല്കി.
ജെസ്നയുടെ സുഹൃത്തുക്കള്, സഹപാഠികള് എന്നിവരിലേക്ക് വേണ്ടവിധത്തില് അന്വേഷണമുണ്ടായില്ലെന്നും കുടുംബാംഗങ്ങള് നല്കിയ സൂചനകളുടെ അടിസ്ഥാനത്തില് അന്വേഷണമുണ്ടായില്ലെന്നുമാണ് ഹര്ജിയില് പറയുന്നത്. ജെസ്നയെ കാണാതായശേഷം വന്ന ഫോണ്കോളുകള് ദുരൂഹതയുയര്ത്തുന്നു.
ആണ്സുഹൃത്തുമായുള്ള ബന്ധത്തിലേക്ക് അന്വേഷണം പോകാതിരുന്നതിലും ദുരൂഹതയുണ്ട്.മതംമാറ്റം, തട്ടിക്കൊണ്ടുപോകല് തുടങ്ങിയ തലങ്ങളിലേക്കു മാത്രമാണ് സിബിഐ നീങ്ങിയത്.
പോലീസ് നടത്തിയ അന്വേഷണങ്ങളില്നിന്നു സാധ്യതയുടെ ഒരു തലത്തിലേക്കും സിബിഐയ്ക്ക് നീങ്ങാനായില്ല. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലും കോടതിയുടെ നിര്ദേശത്തിലും സിബിഐയുടെ മറ്റൊരു ടീം തുടര് അന്വേഷണം ആരംഭിച്ചേക്കും.