ജെസ്നയുടെ തിരോധാനത്തില്‍ പ്രാദേശിക ബന്ധം ഉണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തി. മുണ്ടക്കയത്ത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജെസ്നയല്ല എന്നുറപ്പിക്കുകയും ചെയ്തു. പുഞ്ചവയല്‍, പുലിക്കുന്ന് പ്രദേശങ്ങളില്‍ എവിടെയെങ്കിലും വച്ചാകാം ജെസ്നയെ കാണാതായതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അതിനാല്‍ ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.
മാര്‍ച്ച് 21നു കാണാതായ ദിവസം ജെസ്ന പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് ഈ പ്രദേശത്ത് ക്രൈംബ്രാഞ്ച് ടീമിന്റെ അന്വേഷണം. ബന്ധുവീട്ടില്‍ എത്തുന്നതിനു മുന്‍പ് എന്താണ് സംഭവിച്ചതെന്നാണ് അന്വേഷിക്കുന്നത്. എരുമേലിയില്‍നിന്നും അന്നു രാവിലെ ബസില്‍ പുറപ്പെട്ട ജെസ്ന പുലിക്കുന്നില്‍ ബസിറങ്ങി പുഞ്ചവയലിലേക്കു പോയിരുന്നോ എന്നതില്‍ സ്ഥിരീകരണമുണ്ടാകണം.
ബസിറങ്ങി ബന്ധുവീട്ടില്‍ എത്തുന്നതിനു മുന്‍പ് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടായോ എന്നതില്‍ ശാസ്ത്രീയമായ വിലയിരുത്തല്‍ നടത്തുകയാണ് ടീം. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, നാട്ടുകാരും ഇതരസംസ്ഥാനക്കാരുമായ തൊഴിലാളികള്‍, പ്രദേശവാസികള്‍ എന്നിവരെ നേരില്‍കണ്ട് പോലീസ് സാധ്യതകള്‍ ആരാഞ്ഞു. പ്രദേശത്തെ റബര്‍ എസ്റ്റേറ്റിലും ആളൊഴിഞ്ഞ തോട്ടങ്ങളിലും പുഴയോരത്തും ടീം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
അതേസമയം അന്നു രാവിലെ 10.45നു മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട യുവതി ജെസ്നയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ജെസ്ന മുണ്ടക്കയം സ്റ്റാന്‍ഡില്‍ എത്തിയിട്ടില്ലെന്നും അതിനു മുന്‍പ് പത്തോടെ ജെസ്ന അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളില്‍ ഉള്‍പ്പെട്ടതായുമാണ് പോലീസ് സംശയിക്കുന്നത്. തനിച്ചുപോയ ജെസ്ന ആക്രമണത്തിനോ തട്ടിക്കൊണ്ടുപോകലിനോ ഇടയാകാനുള്ള സാഹചര്യം തള്ളിക്കളയുന്നില്ല.
അങ്ങനെയെങ്കില്‍ കണ്ണിമല, പുഞ്ചവയല്‍, പുലിക്കുന്ന്, വാളാര്‍ഡി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇനിയും അന്വേഷണം വേണ്ടിവരും. ജെസ്നയെ കാണാതായ ദിവസങ്ങളില്‍ മേഖലയില്‍ കെട്ടിടം പണികള്‍ നടന്നിട്ടുണ്ടോ എന്നും അങ്ങനെയെങ്കില്‍ ജോലിക്കെത്തിയ തൊഴിലാളികള്‍ ആരൊക്കെയെന്നും അന്വേഷിക്കുന്നു. പുലിക്കുന്ന് മുതല്‍ പുഞ്ചവയല്‍ വരെയുള്ള പ്രദേശങ്ങളുടെ റൂട്ടും മാപ്പും നോക്കി വിലയിരുത്തലുകള്‍ നടത്തുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.