കോട്ടയം: എരുമേലിക്ക് സമീപം മുക്കൂട്ടുത്തറയിൽ നിന്നും കാണാതായ ജെസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ച് സിബിഐ. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങൾ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലും ചില ഓൺലൈൻ സൈറ്റുകളും ജെസ്ന സിറിയിയിൽ എത്തിയതായുള്ള പ്രചാരം നടത്തിയതോടെയാണ് സിബിഐയുടെ വിശദീകരണം.
2018ലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്നയെ കാണാതായത്.
വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചിട്ടും ജെസ്നയെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏൽപ്പിച്ചത്.
2018 മാർച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
ബസിൽ വന്നു
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടിൽനിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്നയെ ആരും കണ്ടിട്ടില്ല.
മാർച്ച് അവസാനം ജെസ്നയെ സംബന്ധിച്ചു ചില വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായതിനാൽ അന്വേഷണത്തിൽ തടസങ്ങൾ നേരിട്ടിരുന്നു.
ജെസ്ന ജീവനോടെയുണ്ടെന്ന വിവരമാണ് അനൗദ്യോഗികമായി പോലീസ് ഉദ്യോഗസ്ഥരിൽനിന്നു ലഭിക്കുന്നത്. ജെസ്ന തമിഴ്നാട്ടിലേക്കാണു പോയതെന്നാണു വിവരം.
2 ലക്ഷം നന്പരുകൾ
കേസന്വേഷണത്തിനായി രണ്ടു ലക്ഷം ടെലിഫോണ്‍ മൊബൈൽ നന്പരുകൾ ശേഖരിച്ചു. 4,000 നന്പരുകൾ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി. ജെസ്നയ്ക്കായി പോലീസ് കുടകിലും ബംഗളുരുവിലുമെല്ലാം അന്വേഷണം നടത്തി.
ജെസ്നയെയും സുഹൃത്തിനെയും ബംഗളുരുവിലെ ഒരു സ്ഥാപനത്തിൽ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നൽകിയെങ്കിലും ജെസ്നയല്ലെന്നു പിന്നീട് വ്യക്തമായി.
ബംഗളൂരു എയർപോർട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങൾ ലഭിച്ചതനുസരിച്ചു പോലീസ് സംഘം പലതവണ ബംഗളുരുവിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.
സംഭവ ദിവസം 16 തവണ ജെസ്നയെ ഫോണിൽ വിളിച്ച ആണ് സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചില്ലെന്നു പോലീസ് പറയുന്നു.
അതേസമയം, ലൗ ജിഹാദ് ആരോപണങ്ങൾ ശക്തിപ്പട്ട വേളയിലാണ് ദുരൂഹമായ സാഹചര്യത്തിൽ ജെസ്ന അപ്രത്യക്ഷയായതു വീണ്ടും വലിയ ചർച്ചയായി മാറിയത്.
ബംഗളൂരുവിനെ രഹസ്യ കേന്ദ്രത്തിൽ ജെസ്ന ഉണ്ടെന്നും വേഷവിധാനത്തിലൊക്കെ മാറ്റം വന്നിട്ടുണ്ടെന്നുമൊക്കെയുള്ള വാർത്തകളും സൂചനകളും മാധ്യമങ്ങളിലൊക്കെ വന്നിരുന്നു. ബംഗളൂരുവിലല്ല മംഗലാപുരത്താണ് ഉള്ളതെന്നു മറ്റു ചില വാർത്തകളും പ്രചരിച്ചു.