പത്തനംതിട്ട: കൊല്ലമുളയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കോളജ് വിദ്യാർഥിനി ജെസ്ന മറിയം ജയിംസിനെ കുറിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറണമെന്നും ജില്ലയിലെ വികസനമുരടിപ്പിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ന് നിയമസഭാ മാർച്ച് നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.
രാവിലെ 11 ന്് തിരുവനന്തപുരം എംഎൽഎ ക്വാട്ടേഴ്സിന് മുന്പിൽ നിന്നും ആരംഭിക്കുന്ന മാർച്ച് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജെസ്നയെ കൊല്ലമുളയിലെ വീട്ടിൽ നിന്നും കാണതായിട്ട് രണ്ടര മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലാത്തത് പോലീസ് അന്വേഷണത്തിലെ ഗുരതരമായ വീഴ്ചയും ഏകോപനമില്ലായ്മയും മൂലമാണെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
പിണറായി സർക്കാർ രണ്ട് വർഷം പൂർത്തീകരിച്ചിട്ടും ജില്ലയിൽ യാതൊരുവിധമായ വികസനങ്ങളും ഉണ്ടായിട്ടില്ലെന്നും എല്ലാ രംഗത്തും മുരടിപ്പാണെന്നും ബാബു ജോർജ് പറഞ്ഞു. ഭരണകക്ഷിക്ക് ജില്ലയിൽ ഒരു മന്ത്രിയും മൂന്ന് എംഎൽഎ മാരും ഉണ്ടായിട്ടും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാതെ കിഫ്ബിയുടെ പേരിൽ വികസന മുരടിപ്പിന് ആക്കം കൂട്ടുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ബാബു ജോർജ് അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ ജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ജെസ്നയുടെ തിരോധാനം അന്വേഷണത്തിലെ പാളിച്ച പരിഹരിക്കുവാൻ സിബിഐ അന്വേഷണം അനിവാര്യമായതുകൊണ്ടുമാണ് ഡിസിസി യുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.