പത്തനംതിട്ട: കൊല്ലമുള സ്വദേശിനി ജെസ്ന മരിയ ജെയിംസിനെ കാണാതായ സംഭവത്തിൽ പ്രത്യേക പോലീസ് സംഘം എന്ന വാഗ്ദാനം നടപ്പിലായില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുക്കുന്നതുവരെ സമരം തുടരുമെന്നും പത്തനംതിട്ടയിൽ ഇന്നലെ നടന്ന പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് രമേശ് പറഞ്ഞു.തിരോധാനത്തിന് 60 ദിവസം പൂർത്തിയാകുകയാണ്.
പിങ്ക് പോലീസല്ല ബ്ലാങ്ക് പോലീസാണ് കേരളത്തിലിപ്പോൾ. സ്ഥലം എംഎൽഎ പറഞ്ഞത് എഡിജിപി സന്ധ്യ കേസ് അന്വേഷിക്കുമെന്നാണ്. അവർ മാറി. നിലവിൽ അന്വേഷണം നടത്തുന്നത് സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഇനിയെങ്കിലും ശക്തമായ ഒരു സംവിധാന ജെസ്ന കേസന്വേഷണത്തിനുണ്ടാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിയമസഭാ മാർച്ച് നടത്തും: ഡിസിസി
പത്തനംതിട്ട: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് ഉന്നതതല സംഘത്തിന്റെ ചുമതലയിൽ അന്വേഷിക്കാൻ തയാറാകുന്നില്ലെങ്കിൽ നിയമസഭാ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.
പ്രതിപക്ഷ നേതാവ് പങ്കെടുത്ത ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള എസ്പി ഓഫിസ് മാർച്ചിൽ പണമടച്ച് അപേക്ഷ നൽകിയിട്ടും മൈക്ക് അനുമതി നിഷേധിച്ച പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നടപടി പ്രതിഷേധാർഹമാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. മുഖ്യമന്ത്രി പത്തനംതിട്ടയിൽ എത്തുന്നവെന്ന പേരിലാണ് പോലീസ് അനുമതി നിഷേധിച്ചത്.
പ്രതിപക്ഷത്തെ നിഷ്ക്രിയമാക്കി ഏകാധിപത്യം നടപ്പിലാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനമാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും പ്രതിപക്ഷ നേതാവിന്റെ പരിപാടിക്ക് ഉച്ചഭാഷിണി അനുമതി നിഷേധിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണെന്നും ബാബു ജോർജ് പറഞ്ഞു.
കേരളത്തിൽ ഭരണത്തിലിരുന്ന പല മുഖ്യമന്ത്രിമാരും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ പല പരിപാടിയിൽ എത്തിയിട്ടുണ്ടെങ്കിലും ഗതാഗത നിയന്ത്രണം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത് ഇതാദ്യമാണെന്ന് ബാബു ജോർജ് ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും വന്നതുപോലെയാണ് ഇന്നലെ നഗരത്തിൽ പോലീസ് നിയന്ത്രണമേർപ്പെടുത്തിയതെന്നും ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
നിവേദനവുമായി ജെസ്നയുടെ പിതാവും സഹോദരിയും
പത്തനംതിട്ട: ജെസ്നയുടെ പിതാവ് ജെയിംസ്, സഹോദരി ജെഫി എന്നിവർ സമരത്തിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവിനു നിവേദനം നൽകി. ജെസ്നയെ കാണാതായതുമായി ബന്ധപ്പെട്ട് ഇതേവരെയുള്ള അന്വേഷണം ഇവർ രമേശ് ചെന്നിത്തലയോട് വിശദമാക്കി. എഡിജിപി കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്ന വാഗ്ദാനം നടപ്പിലായില്ലെന്നും ജെയിംസ് പറഞ്ഞു.