പത്തനംതിട്ട: മുക്കൂട്ടുതറ കൊല്ലമുളയിൽ നിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ ജെസ്ന മറിയം ജെയിംസിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ തിരുവന്തപുരത്ത് നിയമസഭയിലേക്ക് മാർച്ച് നടത്തും.
രാവിലെ 11ന് മ്യൂസിയം ജംഗ്ഷനിൽ നി ന്നാരംഭിക്കുന്ന മാർച്ച് ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ അധ്യക്ഷതയിൽ മുൻ മഖ്യമന്തിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
കെപിസിസി പ്രസിഡന്റ് എം.എം ഹസൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ്, കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം ബെന്നി ബഹനാൻ, ആന്റോ ആന്റണി എംപി, അടൂർ പ്രകാശ് എംഎൽഎ, മുൻ ഡിസിസി പ്രസിഡന്റുമാരായ കെ. ശിവദാസൻ നായർ, മറ്റ് നേതാക്കന്മാർ തുടങ്ങിയവർ പ്രസംഗിക്കും.
ജെസ്നയുടെ തിരോധാനം ഉണ്ടായിട്ട് മൂന്ന് മാസത്തോളമായിട്ടും അന്വേഷണ സംഘങ്ങളെയും ഉദ്യോഗസ്ഥരെയും മാറ്റി നിയമിക്കുന്നതല്ലാതെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും അന്വേഷണം വ്യാപിച്ച് തിരോധാനത്തിലെ ദുരൂഹത അവസാനിപ്പിക്കാൻ സംസ്ഥാന പോലീസിന് സാധിക്കാത്തതുകൊണ്ട് സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരവകുപ്പ് മന്ത്രി രാജ്യനാഥ് സിംഗ് എന്നിവർക്കും ഇതിനായി സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളത്തിനിന്നുള്ള പാർലമെന്റ് അംഗങ്ങൾ എന്നിവർക്കും നിവേദനം നൽകുമെന്ന് ബാബു ജോർജ് പറഞ്ഞു.