കോട്ടയം: ജെസ്ന തിരോധാന കേസിൽ ക്രൈം ബ്രാഞ്ച് ആറു മാസം അന്വേഷിച്ചിട്ടും സൂചനയൊന്നുമില്ലാത്ത സാഹചര്യത്തിൽ ഫയൽ മടക്കാൻ നീക്കം. ജെസ്ന ജീവിച്ചിരിപ്പുണ്ടോ എന്നുപോലും വ്യക്തമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ ഒരു സ്പഷൽ ടീമിനെ മാറ്റിവയ്ക്കുന്നതിൽ അർഥമില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ അഭിപ്രായം. ഭാഗികമായ അന്വേഷണം സാധ്യതകളുടെ അടിസ്ഥാനത്തിൽ ഇപ്പോഴും നടത്തുന്നുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
2018 മാർച്ച് 21നാണ് മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വർഷം ബികോം വിദ്യാർഥിനിയുമായിരുന്ന ജെസ്ന മരിയ ജയിംസിനെ (19) കാണാതായത്.
രാവിലെ എട്ടരയോടെ വീട്ടിൽ നിന്ന് പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന സൂചനയിൽ പുറപ്പെട്ട ജെസ്ന ഓട്ടോ റിക്ഷയിൽ മുക്കൂട്ടുതറ കവലയിലും തുടർന്ന് ബസിൽ എരുമേലി വരെയും എത്തിയതായാണ് സൂചന.
പിന്നീട് എവിടേക്കു പോയെന്ന് ഒരു വർഷവും രണ്ടു മാസവും പിന്നിട്ട അന്വേഷണത്തിൽ സൂചനയൊന്നുമില്ല. ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച തിരോധാന കേസിലെ ഫയലുകൾ ഏറെക്കുറെ മടക്കിയ മട്ടാണ്. സൂചനയുടെ അംശംപോലുമില്ലാതെ അന്വേഷണം തുടരുന്നതിൽ താൽപര്യമില്ലെന്ന് പോലീസ് കോടതിയെ ധരിപ്പിച്ചേക്കും.
കേസ് സിബിഐ അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് മുന്പ് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം നിറുത്താനാണ് താൽപര്യമെന്ന് പോലീസ് വ്യക്തമാക്കുന്ന സാഹചര്യത്തിൽ കോടതി തുടർ നടപടി നിർദേശിക്കണം.