മുക്കൂട്ടുതറ: ബിരുദ വിദ്യാർഥിനി ജസ്ന മരിയയുടെ തിരോധാനം സംബന്ധിച്ച പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് യുവജനപക്ഷം പ്രവർത്തകർ ഇന്ന് റോഡ് ഉപരോധിച്ചു. സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസൻ ഉദ്ഘാടനം ചെയ്തു. ജനപക്ഷം ജില്ലാ പ്രസിഡൻറ്റ് ആന്റണി മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി.
മുക്കൂട്ടുതറ സ്വദേശി ജസ്ന മരിയ ജയിംസിനെ കാണാതായി ഒരു മാസമായിട്ടും അന്വേഷണം ഏങ്ങുമെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥി ജസ്ന മരിയ ജെയിംസിനെ കഴിഞ്ഞ മാസം 22മുതലാണ് കാണാതായത്.
അന്നു രാവിലെ മുക്കൂട്ടുതറയിലെ വീട്ടിൽനിന്നു മൂന്നു കിലോമീറ്റർ അകലെയുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജസ്ന വീടുവിട്ടിറങ്ങിയത്. ജംഗ്ഷനിൽ ജസ്ന ഇറങ്ങിയത് കണ്ടവരുണ്ട്. എന്നാൽ പിന്നീട് എങ്ങോട്ട് പോയെന്ന് ആർക്കുമറിയില്ല.
പത്തനംതിട്ട വെച്ചൂച്ചിറ പോലീസ് ജസ്നയുടെ സഹപാഠികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും ജസ്നയ്ക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി ആരും മൊഴി നൽകിയില്ല. ഗവി ഉൾപ്പെടെ പത്തനംതിട്ടയിലേയും കോട്ടയത്തെയും വിനോദസഞ്ചാരകേന്ദ്രങ്ങളിലും അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല. ജസ്നയുടെ ഫോണ് കോളുകൾ പരിശോധിച്ചിട്ടും സംശയകരമായി ഒന്നും കണ്ടെത്താനായില്ല
ഇത്ര ദിവസം കഴിഞ്ഞിട്ടും കേസിൽ കാര്യമായ തുന്പ് കിട്ടാത്ത സാഹചര്യത്തിൽ അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ജസ്നയുടെ തിരോധനത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരുടേയും നാട്ടുകാരുടെയും ആക്ഷേപം. അന്വേഷണം എങ്ങുമെത്താത്തിനെ തുടർന്ന് സഹപാഠികൾ മനുഷ്യചങ്ങലയടക്കമുള്ള പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചിരുന്നു.