കോട്ടയം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനി ജെസ്ന മരിയ ജയിംസി(20)നെ കാണാതായ സംഭവത്തിൽ അന്വേഷണത്തിനു പ്രത്യേകസംഘം അടുത്ത ആഴ്ച ചുമതലയേറ്റെടുക്കും.
അയൽസംസ്ഥാനങ്ങൾ ഉൾപ്പെടെ വിപുലമായ അന്വേഷണത്തിനാണു നിർദേശം. ബന്ധുക്കൾ, സഹപാഠികൾ, പ്രദേശവാസികൾ ഉൾപ്പെടെ സാധ്യതയുള്ള എല്ലാസാഹചര്യങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കാനും നിർദേശമുണ്ട്.
ആദ്യഘട്ടത്തിൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടായതായിട്ടാണു പരക്കെ വിമർശനം. എരുമേലിയിൽനിന്നു ജെസ്ന എവിടെയെത്തിയെന്നു കണ്ടുപിടിക്കുന്നതിൽ പോലീസിനു വീഴ്ചയുണ്ടായെന്നു മാത്രമല്ല സാങ്കേതിക സാധ്യതകൾ ഉപയോഗിച്ചുള്ള യാതൊരു അന്വേഷണവും നടന്നിട്ടില്ല.
സിസി ടിവി കാമറ ദൃശ്യങ്ങൾ കാണാതായ ദിവസവും തൊട്ടടുത്തദിവസമോ പോലീസ് ശേഖരിച്ചില്ല. തിരോധാനത്തിനു ഒന്നരമാസം പിന്നിട്ടതിനാൽ സിസി ടിവി ദൃശ്യങ്ങളിൽനിന്നും യാതൊരു സൂചനവും ഇനി സാധ്യതയുമില്ല.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തെത്തുടർന്നാണു പ്രത്യേകസംഘം അന്വേഷിക്കുന്നത്. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്നയെ കാണാതായതു കഴിഞ്ഞ മാർച്ച് 22നാണ്.
ഐജിയുടെ നിർദേശത്തിൽ ലോക്കൽ പോലീസ് രണ്ടാഴ്ച അന്വേഷണം നടത്തിയെങ്കിലും ആശാവഹമായ പുരോഗതിയൊന്നും ഉണ്ടായില്ല. പിന്നീടു മറ്റൊരു സംഘത്തെ നിയോഗിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല.
കോളജിലുണ്ടായിരുന്ന കാലത്തു കൂടുതൽ സമയവും ക്ലാസ്മുറിയിലും ലൈബ്രറിയിലുമായിരുന്നു ജെസ്ന സമയം ചെലവഴിച്ചിരുന്നതെന്നു സെന്റ് ഡൊമിനിക്സ് കോളജിലെ അധ്യാപകർ പറഞ്ഞു.
വൈകുന്നേരം മുക്കൂട്ടുതറയിലേക്ക് ബസ് കുറവായതിനാൽ ലൈബ്രറിയിൽനിന്നു വൈകിയായിരുന്നു മിക്ക ദിവസങ്ങളിലും ഇറങ്ങിയിരുന്നത്. ജെസ്നയുടെ തിരോധാനം ഇപ്പോഴും കോളജിന് ഉൾക്കൊള്ളാനായിട്ടില്ല.
ജെസ്നയെ കണ്ടെത്തുന്നതിനുള്ള നടപടി ആവശ്യപ്പെട്ടു സഹപാഠികളും കോളജിലെ വിദ്യാർഥികളും അധ്യാപകരും ഒപ്പുശേഖരണവും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചിരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ മൗനജാഥയും ഒപ്പുശേഖരണവും നടത്തി.
അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു കോളജ് അധികാരികൾ തയാറാക്കിയ നിവേദനം ഇന്നലെ മുഖ്യമന്ത്രിക്കു ബിഷപ് മാർ മാത്യു അറയ്ക്കൽ കൈമാറി. ജെസ്നയെ കണ്ടെത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകി.
ബന്ധുക്കൾ പോലീസിനു നൽകിയ മൊഴി സംബന്ധിച്ചുള്ള അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോളജ് എന്നിവിടങ്ങളിലേക്കല്ലാതെ ജെസ്ന തനിയെ യാത്ര നടത്തിയിട്ടില്ലെന്ന് സഹോദരൻ പറയുന്നു.