പത്തനംതിട്ട: മുണ്ടക്കയത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ ജെസ്നയുടേതല്ലെന്ന് ജസ്നയുടെ പിതാവ് ജയിംസ്. മൂന്നു ദിവസം മുന്‍പ് ഈ ദൃശ്യങ്ങൾ പോലീസ് തന്നെ കാണിച്ചിരുന്നു. ഒറ്റനോട്ടത്തിൽതന്നെ ഇത് തന്റെ മകളല്ലെന്നു സ്ഥിരീകരിച്ചതായി ജയിംസ് പറഞ്ഞു.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ മുണ്ടക്കയത്തെ ഒരു കടയിൽ നിന്നു വീണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലേത് ജെസ്ന തന്നെയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് അന്വേഷണസംഘം. ഇതു സംബന്ധിച്ച് വിശദമായ പരിശോധന നടന്നുവരികയാണ്.
എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് കടന്നുപോകുന്നത് വ്യക്തമാണ്. പോലീസ് അന്വേഷണത്തിൽ കോളജിൽ പോകുന്നതിനായി ഇയാൾ ബസ് സ്റ്റാൻഡിൽ എത്തിയിരുന്നതായി നേരത്തെ വിവരം ലഭിച്ചിട്ടുണ്ട്. ടവർ ലൊക്കേഷനിലും ഇതുതന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ജെസ്നയെ പോലെയുള്ള പെണ്‍കുട്ടി കടയ്ക്കു മുന്നിലൂടെ പോകുന്ന ദൃശ്യമാണ ്സംശയമുളവാക്കുന്നത്. കഴിഞ്ഞ മാർച്ച് 22നു രാവിലെ ജെസ്ന വീട്ടിൽ നിന്നു പോകുന്പോൾ ചുരിദാറായിരുന്നു വേഷം. സിസിടിവി ദൃശ്യത്തിൽ കാണുന്ന പെണ്‍കുട്ടി ജീൻസും ടോപ്പുമാണ് ധരിച്ചിരിക്കുന്നത്.
കൂടാതെ കുട്ടിയുടെ കൈവശം ട്രാവലിംഗ് ബാഗ് അടക്കമുണ്ട്. ഇതു ജെസ്നെ തന്നെയെന്ന് ബന്ധുക്കളിൽ ചിലരും സഹപാഠികളും സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഇതൊരു സ്ഥിരീകരണമല്ലെന്നും ചില സംശയങ്ങൾ ബാക്കിയാണെന്നും ഡിവൈഎസ്പി പറഞ്ഞു.
മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപത്തെ ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് വീണ്ടെടുത്തിരിക്കുന്നത്. നേരത്തെ ഇടിമിന്നലിൽ നഷ്ടമായ ദൃശ്യങ്ങൾ പോലീസ് ഹൈടെക് സെൽ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കുകയായിരുന്നുവെന്ന് പറയുന്നു.
കാണാതായ ദിവസം രാവിലെ 11.44നാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. ജെസ്ന കടന്നുപോയതിനു ശേഷമാണ് ആണ് സുഹൃത്തിനെ ദൃശ്യത്തിൽ കാണുന്ന്ത്. ഈ സമയം ആണ്‍സുഹൃത്ത് ബസ് സ്റ്റാൻഡിൽ എത്തിയിരുന്ന വിവരം നേരത്തെ തന്നെ സ്ഥിരീകരിച്ചുവെന്നു പോലീസ് പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ ഒരിക്കൽകൂടി ചോദ്യം ചെയ്യും.
വീട്ടിൽ നിന്നും പഠിക്കാനുള്ള പുസ്തകം ഒഴികെ ഒന്നും എടുക്കാതെയാണ് ജെസ്ന ഇറങ്ങിയത്. മുണ്ടക്കയത്തെ ദൃശ്യത്തിൽ കാണുന്ന പെണ്‍കുട്ടിയുടെ വേഷം കൈയിലുള്ള രണ്ട് ബാഗുകൾ എന്നിവ സംശയമുണ്ടാക്കുന്നു. രാവിലെ 10,30ന് ജെസ്ന എരുമേലി ബസ് സ്റ്റാൻഡിൽ എത്തിയത് കണ്ടവരുണ്ട്.
ഇതിനുശേഷമുള്ള ഒരു മണിക്കൂറിൽ ഇത്രയും സാധനങ്ങളുമായി വേഷം മാറിയ ഒരാളെ കണ്ടതാണ് പോലീസിനെ കുഴയ്ക്കുന്നത്. ദൃശ്യത്തിലേത് ജെസ്ന അല്ലെങ്കിൽ ആരെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.