കോട്ടയം: ജെസ്ന തിരോധാനക്കേസ് സിബിഐ ഏറ്റെടുത്തിട്ട് അഞ്ചു മാസം പിന്നിടുന്പോഴും അന്വേഷണത്തിൽ പുരോഗതിയില്ല.
മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകൾ ജെസ്ന മരിയ ജയിംസിനെ കാണാതായ കേസിൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നു കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് ഫൈനൽ ബികോം വിദ്യാർഥിനിയായിരിക്കെ 2018 മാർച്ച് 22നാണ് ജെസ്നയെ കാണാതായത്.
മുക്കൂട്ടുതറയിലെ വീട്ടിൽനിന്നും മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് രാവിലെ 9.30നു പുറപ്പെട്ട ജെസ്നയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ല.
ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷിച്ചെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് ജെസ്നയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പുരോഗതി കാണാതെ വന്നതോടെ ഹൈക്കോടതി അന്വേഷണം സിബിഐയെ ഏൽപ്പിക്കുകയായിരുന്നു.
ജെസ്ന ജീവിച്ചിരിപ്പുണ്ടോ എന്നതിൽ വ്യക്തമായ ഉത്തരം ലഭിക്കുന്നില്ല. ആശാവഹമായ സാധ്യതകളുണ്ടെന്ന വിലയിരുത്തലാണു പോലീസ് പറയുന്നത്.
ജെസ്ന നാടുവിട്ടോ, മതംമാറ്റപ്പെട്ടോ തുടങ്ങി വിവിധ സംശയങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്പോഴാണ് സിബിഐ ഏറ്റെടുത്തത്. കോവിഡ് നിയന്ത്രണത്തെത്തുടർന്നു വ്യക്തമായ നീക്കങ്ങൾ നടത്താൻ സിബിഐയ്ക്ക് സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ അന്വേഷണപുരോഗതി കോടതിയെ അറിയിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
കാസ എന്ന സംഘടനയ്ക്ക് ഹർജി നൽകാൻ നിയമപരമായ അവകാശമുണ്ടോയെന്ന കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ആദ്യ ഹർജിയിലെ കക്ഷികളെയെല്ലാം ഈ ഹർജിയിലും കക്ഷി ചേർക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.