കോട്ടയം: എരുമേലിയിൽനിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെസ്നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണമെന്നാവശ്യം.
സിബിഐ കേസ് ഏറ്റെടുത്തിട്ടും അന്വേഷണത്തിൽ ഇതുവരെ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല എന്നു ചൂണ്ടിക്കാട്ടി വിവിധ ക്രൈസ്തവ സംഘടനയുടെ കൂട്ടായ്മയായ ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ തുടക്കമായി ഒക്ടോബർ നാലിന് തിങ്കളാഴ്ച രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിൽ കൂട്ടധർണയും വിശദീകരണ യോഗവും നടക്കും.
ലൗ ജിഹാദ് കേരളത്തിൽ സജീവ വിഷയമായി കത്തിനിൽക്കുന്നതിനിടെയാണ് ജെസ്നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നത്.
സംസ്ഥാനത്തെ അന്വേഷണ ഏജൻസികൾ ഏറെക്കാലം അന്വേഷിച്ചതിനു ശേഷം കേസ് മാസങ്ങൾക്കു മുന്പ് സിബിഐക്കു വിട്ടിരുന്നു.
പക്ഷേ, ഇതുവരെയും ജെസ്ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം 2021 മാർച്ചിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
തിരുവനന്തപുരം യൂണിറ്റ് ആണ് അന്വേഷണം നടത്തിവരുന്നത്. കോവിഡും ലോക്ക്ഡൗണും പോലെയുള്ള പ്രശ്നങ്ങൾ മൂലം അന്വേഷണം മന്ദഗതിയിലാണ്.
എസ്പിയുടെ വെളിപ്പെടുത്തൽ
ഏറെക്കാലം സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചുമൊക്കെ അന്വേഷണം നടത്തിയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന കെ.ജി.സൈമൺ വിരമിക്കുന്നതു തൊട്ടുമുന്പു നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഈ കേസിനെ അടുത്ത കാലത്തു വാർത്തകളിൽ നിറച്ചത്.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ടെന്നു പത്തനംതിട്ട എസ്പി അന്നു മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
എന്നാൽ, ഇതെന്താണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.
തുറന്നു പറയാൻ കഴിയാത്തത്
തുറന്നുപറയാൻ കഴിയാത്ത പലകാര്യങ്ങളുമുണ്ടെന്നും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോവിഡ് വ്യാപനം അന്വേഷണത്തിൽ മങ്ങലേൽപ്പിച്ചെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞു.
2018 മാർച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജെസ്നയെ കാണാതാകുന്നത്.
കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
ബസിൽ വന്നു
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടിൽനിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്നയെ ആരും കണ്ടിട്ടില്ല.
മാർച്ച് അവസാനം ജെസ്നയെ സംബന്ധിച്ചു ചില വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായതിനാൽ അന്വേഷണത്തിൽ തടസങ്ങൾ നേരിട്ടിരുന്നു.
ജെസ്ന ജീവനോടെയുണ്ടെന്ന വിവരമാണ് അനൗദ്യോഗികമായി പോലീസ് ഉദ്യോഗസ്ഥരിൽനിന്നു ലഭിക്കുന്നത്. ജെസ്ന തമിഴ്നാട്ടിലേക്കാണു പോയതെന്നാണു വിവരം.
2 ലക്ഷം നന്പരുകൾ
കേസന്വേഷണത്തിനായി രണ്ടു ലക്ഷം ടെലിഫോണ് മൊബൈൽ നന്പരുകൾ ശേഖരിച്ചു. 4,000 നന്പരുകൾ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി.
ജെസ്നയ്ക്കായി പോലീസ് കുടകിലും ബംഗളുരുവിലുമെല്ലാം അന്വേഷണം നടത്തി.
ജെസ്നയെയും സുഹൃത്തിനെയും ബംഗളുരുവിലെ ഒരു സ്ഥാപനത്തിൽ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നൽകിയെങ്കിലും ജെസ്നയല്ലെന്നു പിന്നീട് വ്യക്തമായി.
ബംഗളൂരു എയർപോർട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങൾ ലഭിച്ചതനുസരിച്ചു പോലീസ് സംഘം പലതവണ ബംഗളുരുവിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.
സംഭവ ദിവസം 16 തവണ ജെസ്നയെ ഫോണിൽ വിളിച്ച ആണ് സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചില്ലെന്നു പോലീസ് പറയുന്നു.
അതേസമയം, ലൗ ജിഹാദ് ആരോപണങ്ങൾ ശക്തിപ്പട്ട വേളയിലാണ് ദുരൂഹമായ സാഹചര്യത്തിൽ ജെസ്ന അപ്രത്യക്ഷയായതു വീണ്ടും വലിയ ചർച്ചയായി മാറിയത്.
ബംഗളൂരുവിനെ രഹസ്യ കേന്ദ്രത്തിൽ ജെസ്ന ഉണ്ടെന്നും വേഷവിധാനത്തിലൊക്കെ മാറ്റം വന്നിട്ടുണ്ടെന്നുമൊക്കെയുള്ള വാർത്തകളും സൂചനകളും മാധ്യമങ്ങളിലൊക്കെ വന്നിരുന്നു. ബംഗളൂരുവിലല്ല മംഗലാപുരത്താണ് ഉള്ളതെന്നു മറ്റു ചില വാർത്തകളും പ്രചരിച്ചു.
എന്നാൽ, അന്നും ഇന്നും ഇതൊന്നും സ്ഥിരീകരിക്കാൻ പോലീസ് തയാറായില്ല. ക്രൈംബ്രാഞ്ചിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് ഐജി ടോമിൻ തച്ചങ്കരിയും ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് പറഞ്ഞിരുന്നു എന്നാൽ, എന്താണ് സൂചനയെന്നോ ആശാവഹമായ കാര്യമെന്നോ വെളിപ്പെടുത്താൻ ആരും തയാറായില്ല.
ഇനിയെങ്കിലും ജെസ്നയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതയുടെ ചുരുൾ അഴിക്കണമെന്നും അന്വേഷണം എൻഐഎയ്ക്കു കൈമാറണമെന്നുമാണ് ആവശ്യം ഉയർന്നിരിക്കുന്നത്.