കോട്ടയം/പത്തനംതിട്ട: കോളിളക്കം സൃഷ്ടിച്ച ജെസ്ന തിരോധാനക്കേസിൽ ജെസ്ന എവിടുണ്ട് എന്നതു സംബന്ധിച്ചു പോലീസിൽ ചിലർക്കു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നു സൂചന.
എന്നാൽ, ചില സമ്മർദങ്ങൾ മൂലം പോലീസിലെ ചില ഉന്നതർ അടക്കമുള്ളവർ മൗനം പാലിക്കുകയാണെന്നാണ് വിവരം. ജെസ്നയുടെ തിരോധാനത്തിനു പിന്നിലുള്ള കാര്യങ്ങൾ പുറത്തറിഞ്ഞാൽ ഒരു കാണാതാകൽ കേസിന് അപ്പുറമുള്ള മാനങ്ങളിലേക്കു വിവാദം വളരും.
ഇപ്പോൾത്തന്നെ പെൺകുട്ടികളെ കാണാതാകുന്നതും മറ്റു രാജ്യങ്ങളിലേക്കു കടത്തുന്നതുമൊക്കെ വലിയ ആരോപണങ്ങളും ചർച്ചകളുമായിരിക്കുന്ന കേരളത്തിൽ ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നാൽ ഈ വിവാദം കൂടുതൽ കടുക്കുമെന്ന ആശങ്ക പല കേന്ദ്രങ്ങൾക്കുമുണ്ട്.
പല വിവരങ്ങളും അറിയാമെന്നും എന്നാൽ പുറത്തുവിടാൻ കഴിയില്ലെന്നും എസ്പി സ്ഥാനത്തുനിന്നു വിരമിക്കുന്ന കെ.ജി.സൈമൺ ഇന്നലെ വെളിപ്പെടുത്തിയതും പോലീസിനു കാര്യങ്ങൾ കൃത്യമായി അറിയാമെന്ന സൂചനയായി വിലയിരുത്തപ്പെടുന്നു.
ഒരു പെൺകുട്ടിയെ കാണാതായ കേസിൽ ശുഭസൂചന എന്നു പറഞ്ഞാൽ മറ്റെന്താണെന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു.
വിവാദങ്ങൾക്കു തടയിടാൻ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ വിവാദങ്ങൾ ഉയർന്നു വരുന്നതിനോടു രാഷ്ട്രീയ നേതൃത്വത്തിനും താത്പര്യമില്ലെന്നാണ് അറിയുന്നത്.
പോലീസിന്റെ നാക്കിനു വിലങ്ങു വീണിരിക്കുന്നതിൽ ഇത്തരം കാര്യങ്ങളുണ്ടെന്നു കരുതപ്പെടുന്നു. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസിന്റെ മകളായ ജെസ്നയെ 2018 മാർച്ച് 22നാണ് കാണാതായത്.
അടുത്ത മാർച്ച് 22ന് ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിന്റെ മൂന്നാം വാർഷികമാണ്. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന സൂചനകൾ എഡിജിപി ടോമിൻ തച്ചങ്കരിയും ഇന്നു വിരമിക്കുന്ന പത്തനംതിട്ട എസ്പി കെ.ജി. സൈമണും പലപ്പോഴായി നൽകിയിരുന്നു.
രാവിലെ വീട്ടിൽ സഹോദരനൊപ്പം പ്രഭാത ഭക്ഷണം തയാറാക്കി കഴിച്ച ശേഷം മുണ്ടക്കയം പുഞ്ചവയലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന സൂചനയിൽ രാവിലെ ഒൻപതോടെ വീട്ടിൽനിന്നു പുറപ്പെട്ടു.
അതുവഴി വന്ന ഓട്ടോറിക്ഷയിൽ വീട്ടുപടിക്കൽനിന്നു മുക്കൂട്ടുതറ കവലയിലും പിന്നീടു ബസിൽ എരുമേലി ബസ് സ്റ്റാൻഡിലും എത്തിയതായാണ് സാക്ഷിമൊഴികൾ. പിന്നീടു ജെസ്ന എവിടേക്കു പോയി എന്നത് ആർക്കും അറിയില്ല.
മുണ്ടക്കയം ബസ് സ്റ്റാൻഡിൽ അന്നു രാവിലെ 11ഒാടെ ജെസ്നയോടു സാമ്യമുള്ള യുവതിയെ നഗരത്തിലെ സിസിടിവി കാമറയിൽ കണ്ടെങ്കിലും അതു ജെസ്നയല്ലെന്നു തീർച്ചയായിക്കിയിരുന്നു. മൂന്നു വർഷമായി ജെസ്നയ്ക്കായുള്ള തെരച്ചിൽ കേരളത്തിലും പുറത്തും നടന്നുവരികയായിരുന്നു.
കാണാതാകുന്പോൾ 20 വയസ്
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ 2018 മാർച്ച് 22നാണ് ജെസ്ന മരിയ ജെയിംസ് എന്ന 20 കാരിയെ കാണാതാകുന്നത്. അങ്ങനെയെങ്കിൽ ഇപ്പോൾ ജെസ്നയ്ക്ക് 23 വയസുണ്ടാകും.
കാണാതായ ദിവസം തന്നെ ബന്ധുക്കൾ നൽകിയ പരാതിയിൽ വെച്ചൂച്ചിറ പോലീസും പീന്നീട് ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും സൂചനയുണ്ടായില്ല.
സെന്റ് ഡൊമിനിക്സ് കോളജിലെ വിദ്യാർഥികളും നാട്ടുകാരും പോലീസിലും കോട്ടയം ജില്ലയിലെ വനപ്രദേശങ്ങളിലും പുഴയോരങ്ങളിലും ആളൊഴിഞ്ഞ തോട്ടങ്ങളിലുമൊക്കെ ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തി.
ജെസ്ന ബംഗളൂരുവിലോ?
ജെസ്ന തിരോധാനക്കേസിൽ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇപ്പോൾ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിനു നേതൃത്വം നൽകുന്ന അന്വേഷണ ഉദ്യോഗസ്ഥനും പത്തനംതിട്ട പോലീസ് മേധാവി കെ.ജി. സൈമണ് അഭിപ്രായപ്പെട്ടത് .
ജസ്നയുടെ കാര്യത്തിൽ പോസിറ്റീവ് വാർത്ത ഉണ്ടാകുമെന്ന സൂചനയും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. ഇതിനിടയിലാണ് ജെസ്ന ബംഗളൂരുവിൽ ഉണ്ടെന്ന പ്രചാരണം ശക്തമാകുന്നത്. ഇവിടെ ഒരു പഠനകേന്ദ്രത്തിൽ ജെസ്ന കഴിയുന്നുണ്ടെന്ന വിവരമാണ് പ്രചരിക്കുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ പോലീസ് ഇനിയും തയാറാകുന്നില്ല. ജെസ്ന തമിഴ്നാട്ടിലെ ഒരു കേന്ദ്രത്തിലാണെന്ന പ്രചാരണവും ശക്തമാണ്.
പോലീസ് മടിക്കുന്നതെന്ത്?
ശുഭസൂചന ഉണ്ടെന്നു പറയുന്പോഴും പുറത്തു പറയാൻ പറ്റാത്ത എന്തു രഹസ്യമാണ് പോലീസ് രഹസ്യമായി സൂക്ഷിക്കുന്നതെന്നു വ്യക്തമല്ല.
ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചും ജസ്നയുടേതടക്കം ഫോണ് രേഖകൾ പരിശോധിക്കാനും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും സൈബർ വിദഗ്ധരെ സംഘത്തിൽ ഉൾപ്പെടുത്തിയുമാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടന്നുവരുന്നത്.
കേരളത്തിൽ മലപ്പുറത്തും കണ്ണൂരിലും ജെസ്നയെ പോലീസ് തെരഞ്ഞു. ചെന്നൈ, ബാംഗളൂരു, കുടക്, ഹൈദരാബാദ് തുടങ്ങിയ കേന്ദ്രങ്ങളിലും അന്വേഷണം നടത്തി.
ഇതിനിടയിൽ പലയിടത്തും ജെസ്നയെ കണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നെങ്കിലും കൂടുതൽ അന്വേഷണത്തിൽ ഇതൊന്നും ജെസ്നയല്ലെന്നു വ്യക്തമായി.
പത്തു മാസമായി കോവിഡ് വ്യാപനം അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതായി എസ്പി സൈമണ് പറയുന്നു. കേരള പോലീസ് അടുത്തയിടെ ഇത്രയധികം ആധുനിക സാങ്കേതിക സാധ്യതകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്ന മറ്റൊരു കേസില്ല.
ബന്ധുക്കളുടെ പരാതിയെത്തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക് നാഥ് ബഹ്റയും കേസ് അന്വേഷണത്തിൽ നേരിട്ടു നിർദേശങ്ങൾ നൽകിയിരുന്നു.
കേസ് കോടതിയിലും
2017 ജൂണിൽ ന്യൂമോണിയ ബാധിച്ച ജെസ്നയുടെ അമ്മ മരിച്ചു. അമ്മയുടെ മരണമുണ്ടാക്കിയ ആഘാതത്തിനു പിന്നാലെയാണോ ജെസ്നയെ കാണാതായതെന്നു പോലീസ് സംശയിച്ചു. ഒളിച്ചോട്ടമോ തട്ടിക്കൊണ്ടുപോകലോ തുടങ്ങിയ തലത്തിലേക്കും അന്വേഷണം നീങ്ങി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരൻ ജെയ്സ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു 2018 നവംബറിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
അക്കാലത്താണ് ജെസ്നയുടെ തിരോധാനത്തിൽ നിർണായക വിവരം ലഭിച്ചതായി ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ആറു മാസം മുൻപ് കൂടത്തായി ജോളിക്കേസിനു പിന്നാലെ പത്തനംതിട്ട എസ്പിയായി ചുമതലയേറ്റ ശേഷം കെ.ജി. സൈമണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ജെസ്ന വീട്ടിൽനിന്നു പോകുന്പോൾ ഒരു ചെറിയ തോൾ സഞ്ചി മാത്രമാണുണ്ടായിരുന്നത്. ഫോണ് കൈവശമുണ്ടായിരുന്നില്ല. അധികം പണവും കൈയിലില്ല. എരുമേലിയിൽ ബസിറങ്ങിയ ജെസ്നയ്ക്ക് ഏതോ വ്യക്തികളുടെ കൃത്യമായ സഹായം കിട്ടിയിരുന്നു എന്നു കരുതുന്നതിന്റെ ന്യായവും ഇതു തന്നെയാണ്.