സ്വന്തം സഹോദരിയായി കണ്ട് ഞങ്ങളുടെ സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണം! കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരിയും അപേക്ഷയുമായി ലൈവില്‍

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായായിട്ട് ഒന്നരമാസത്തോളം ആയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുമ്പോഴും വിവരങ്ങളൊന്നുമില്ലാത്തത് ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കുന്നു. ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന നാട്ടുമ്പുറത്തുകാരിയാണ് ജസ്‌നയെന്ന് പരിചയക്കാര്‍ ആവര്‍ത്തിക്കുന്നു.

പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ വസ്ത്രങ്ങളോ എടിഎം കാര്‍ഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോണ്‍ വീട്ടില്‍ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പിന്നെ പെണ്‍കുട്ടി എവിടെപ്പോയെന്നത് മാത്രമാണ് അറിയാത്തത്.

സഹോദരിയെ കാണാതായിട്ട് 44 ദിവസം പിന്നിട്ടിരിക്കുന്ന അവസരത്തില്‍ ജെസ്നയെ കണ്ടെത്താന്‍ സഹായിക്കണം എന്നും അവളെ സ്വന്തം സഹോദരിയായി കാണണം എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സഹോദരന്‍ ജെയ്സ് ജോണും സഹോദരിയും.

ജെസ്നയെ കണ്ടെത്താന്‍ തങ്ങളെ സഹായിക്കണം എന്നും അവളെ സ്വന്തം പെങ്ങളായി കണ്ട് പ്രവര്‍ത്തിക്കണം എന്നും ഇവര്‍ പറയുന്നു. മാതാവ് മരിച്ചിട്ട് ഏതാനം മാസങ്ങളെ ആയിട്ടുള്ളു. ഇനി ഒരു വേര്‍പാടു കൂടി താങ്ങാന്‍ കഴിയില്ല എന്നും ഇവര്‍ വേദനയോടെ പറയുന്നു. ജെസ്‌നയെ കുടംബത്തെയും പറ്റി മോശമായി പറയുന്നവര്‍ സത്യവസ്ഥ മനസിലാക്കണം എന്നും ജെയ്സ് പറയുന്നു. ജെയ്സിന്റെ വാക്കുകള്‍ ഇങ്ങനെ.

നാല്‍പ്പത്തിനാലു ദിവസമായിട്ടും ജെസ്നയുടെ കാര്യത്തില്‍ ഒരു തുമ്പുമില്ല. അന്നുരാവിലെ പപ്പയും താനും ജെസ്നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത്. മമ്മി മരിച്ചിട്ട് എട്ടുമാസമായി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് പപ്പ ഓഫീസില്‍ പോയി. ശേഷം താന്‍ എട്ടരവരെ വീട്ടിലുണ്ടായിരുന്നു.

തന്റെ ബികോം റിസള്‍ട്ട് വന്നുവെന്നും 91 ശതമാനം മാര്‍ക്കുണ്ടെന്നും ജെസ്ന പറഞ്ഞിരുന്നു. വലിയ കാര്യമായിപ്പോയി എന്നു പറഞ്ഞു തമാശ പറഞ്ഞൊക്കെ ഇരിക്കുമ്പോള്‍ അവള്‍ക്കൊരിക്കലും പ്ലാന്‍ ചെയ്തു പോവാനുള്ള മാനസികാവസ്ഥയുണ്ടെന്നൊന്നും തോന്നിയില്ല.

അവള്‍ ഒരിക്കും നെഗറ്റീവ് ആയി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ല. താന്‍ കോളജില്‍ പോയി 9.15 ഒക്കെ ആയപ്പോള്‍ അവള്‍ പഠിക്കുന്നത് അടുത്തവീട്ടിലെ ചേച്ചി കണ്ടിരുന്നു. ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്നും പറഞ്ഞു.

ഓട്ടോ കയറി ഒരു ബസില്‍ കയറി എരുമേലിയില്‍ ഇറങ്ങുന്നത് അവളുടെ ജൂനിയറായി പഠിച്ച ഒരു പയ്യന്‍ കണ്ടിരുന്നു. തലേദിവസം പപ്പായുടെ പെങ്ങളെ വിളിച്ച് കുറേസമയം സംസാരിച്ചിരുന്നു. ഒറ്റയ്ക്കിരുന്നു പഠിക്കാന്‍ പറ്റുന്നില്ല അങ്ങോട്ടു വരികയാണെന്നാണ് വിളിച്ചു പറഞ്ഞത്. തലേദിവസം അയല്‍വക്കത്തെ പിള്ളേരോടും പഠിക്കാന്‍ പോകുന്നുവെന്നാണ് പറഞ്ഞത്.

എരുമേലിയില്‍ നിന്നു കയറിയ ഒരു ബസ്സില്‍ ഒറ്റയ്ക്കിരുന്നു പോവുന്നതും സിസിടിവിയില്‍ തിരിച്ചറിഞ്ഞതാണ്. അതുകഴിഞ്ഞിട്ട് എന്താണു സംഭവിച്ചതെന്ന് ഒരു ക്ലൂവും ഇല്ല. അവള്‍ എവിടെയെങ്കിലും ട്രാപ്പിലായതാവാം എന്നാണ് സൂചന. ജസ്നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്ക മോശമായി പറയുന്നവരുണ്ട്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം.

അവള്‍ക്കെന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുകയാണെന്ന് അറിയുകയാണെങ്കില്‍ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാന്‍ പറ്റാത്തതായിരിക്കും. ഞങ്ങളുെട അവസ്ഥയും മനസ്സിലാക്കണം. ഞങ്ങളുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചു നോക്കണം.

ഒരുപാടുപേരു വിളിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ട്. പറയുന്ന ആരോപണങ്ങളില്‍ ഉറപ്പുണ്ടെങ്കില്‍ അതു പോലീസിനെ അറിയിക്കുകയാണു വേണ്ടത്. തനിക്കു പെങ്ങളെ കിട്ടണമെന്നേയുള്ളു.

എല്ലാവരും സഹായിക്കണമെന്നേ പറയാനുള്ളു. മിസ്സിങ് ആയ ആദ്യ അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജസ്ന മിസ് ആയതിന്റെ പിറ്റേന്നു തന്നെ അവളുടെ ഫോട്ടോ വാട്സാപ്പില്‍ കൊടുക്കാമെന്ന് അച്ഛനും സഹോദരിയും പറഞ്ഞതാണ്. എന്നാല്‍ അതവളുടെ ഭാവിയെ തകര്‍ക്കുമെന്നു കരുതി താനാണ് വേണ്ടെന്നു പറഞ്ഞത്.

ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. അമ്മ മരിച്ച് അധികമായിട്ടില്ല. അവള്‍ കൂടി പോയി കഴിഞ്ഞാല്‍ പിന്നെ താങ്ങാന്‍ സാധിക്കില്ല.

സ്വന്തം പെങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരാങ്ങളയായി നില്‍ക്കുകയാണ്. നാളെ അവള്‍ക്കെന്തെങ്കിലും മോശമായി സംഭവിച്ചതിനു ശേഷം കൂടെ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ഇപ്പോള്‍ ഞങ്ങളുടെ അന്വേഷണത്തില്‍ കൂടെ നില്‍ക്കുന്നതാണ്.

മമ്മി മരിച്ച വിഷമത്തില്‍ നിന്നും മുക്തമായി വരുന്നതേയുള്ളു. അതിനിടയിലാണ് ജെസ്നയുടെ മിസ്സിങ്ങും. ജെസ്നയെ നിങ്ങളുടെ പെങ്ങള്‍ കൂടിയായി കണ്ട് ഒന്നിച്ചു പ്രവര്‍ത്തിക്കാം. അവള്‍ക്കൊരു റിലേഷന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ് താനിപ്പോള്‍ പ്രാര്‍ഥിക്കുന്നത്. കാരണം അവള്‍ സുരക്ഷിതയാണെന്ന് അറിയുമല്ലോ. തളര്‍ത്തുന്ന ആരോപണങ്ങള്‍ ദയവുചെയ്ത് ഉണ്ടാക്കരുത്.

Related posts