മുക്കൂട്ടുതറ: നാടൊട്ടുക്ക് തെരയുമ്പോഴും അഭ്യൂഹങ്ങൾ പരന്നപ്പോഴും തന്റെ ഓട്ടോയിൽ ഓടിക്കയറുന്ന കാഴ്ച മറക്കാനാകാതെ ജസ്നയുടെ തിരിച്ചുവരവിനായി സിജോയും പ്രാർഥിക്കുന്നു. മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകൾ ജസ്നയെ കാണാതാകുന്നതിനു തൊട്ടുമുമ്പ് അവസാനമായി കണ്ടത് അയൽവാസിയും ഓട്ടോ ഡ്രൈവറുമായ കിഴക്കുങ്കര സിജോയാണ്.
മാർച്ച് 22 ന് ജസ്നയെ കാണാതാകുമ്പോൾ സിജോയുടെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തത്. അന്ന് ഓട്ടോ സർവീസ് സെന്ററിൽ എത്തിക്കേണ്ടതിനാൽ പതിവിലും വൈകിയാണ് വീട്ടിൽനിന്നു സിജോ ഓട്ടോയുമായി മുക്കൂട്ടുതയിലെ സ്റ്റാൻഡിലേക്കു പുറപ്പെട്ടത്.
ജസ്നയുടെ വീട് കഴിഞ്ഞ് മുക്കാൽ കിലോമീറ്റർ അകലെയാണ് സിജോയുടെ വീട്. ജസ്നയുടെ വീടിന്റെ സമീപത്തെ റോഡിലൂടെ ഓട്ടോയുമായി വരുമ്പോൾ ഓടിയെത്തുകയായിരുന്നു ജസ്നയെന്ന് സിജോ പറയുന്നു.
ഓട്ടോയിൽ കയറിയ ജസ്നയോട് പരിചയമുളളതിനാൽ എവിടേക്കാണ് പോകുന്നതെന്ന് സിജോ ചോദിച്ചു. പുഞ്ചവയലിലെ ആന്റിയുടെ വീട്ടിലേക്കാണെന്നായിരുന്നു മറുപടി. അധികം സൗഹൃദമില്ലാത്ത ജസ്നയുടെ പ്രകൃതം അറിയാവുന്നതിനാൽ സിജോ കൂടുതലൊന്നും തിരക്കിയില്ല.
ഏകദേശം പത്തു മിനിറ്റ് നീണ്ട ആ യാത്ര മുക്കൂട്ടുതറ ടൗണിൽ അവസാനിച്ചു. കൈവശമുണ്ടായിരുന്ന ചെറിയ ഹാൻഡ് ബാഗിൽ നിന്നും 20 രൂപ യാത്രാക്കൂലിയായി നൽകി ജസ്ന പോകുന്ന കാഴ്ച സിജോയുടെ കൺമുമ്പിൽ മായാതെ നിൽക്കുകയാണ്.
ജസ്നയുടെ തിരോധാനം അറിഞ്ഞപ്പോൾ സിജോ നടുങ്ങിപ്പോയി. അവസാനമായി കണ്ട വിവരം അപ്പോൾതന്നെ ബന്ധുക്കളെയും തുടർന്ന് പോലീസിലും നേരിട്ടെത്തി മൊഴി നൽകി അറിയിച്ചിരുന്നു. ധരിച്ചിരുന്ന വേഷം, മുഖ ഭാവം ഉൾപ്പടെ പത്ത് മിനിറ്റ് നീണ്ട യാത്രയിലെ കാര്യങ്ങൾ വിവരിച്ചിരുന്നു.
മുക്കൂട്ടുതറയിൽനിന്നു ബസിൽ എരുമേലി പ്രൈവറ്റ് സ്റ്റാൻഡിലിറങ്ങിയ ശേഷം മുണ്ടക്കയത്തിനുള്ള ബസിൽ ജസ്ന സഞ്ചരിച്ചിരുന്നുവെന്ന വിവരമല്ലാതെ മറ്റൊരു സൂചനകളും അന്വേഷക സംഘത്തിന് ലഭിച്ചിട്ടില്ല. അറിയാവുന്ന സുഹൃത്തുക്കളോടെല്ലാം ജസ്നയെ കണ്ടെത്താനുള്ള ശ്രമം തുടരണമെന്ന് അഭ്യർഥിക്കുകയാണ് സിജോ.
ബംഗളൂരുവിൽ കണ്ടെന്ന വാർത്ത പ്രചരിച്ചപ്പോൾ ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ അത് ജസ്നയല്ലെന്നറിയുകയും കഴിഞ്ഞ ദിവസം തമിഴ്നാട് കാഞ്ചീപുരത്ത് പെൺകുട്ടിയുടെ പാതിയോളം കത്തിക്കരിഞ്ഞ മൃതദേഹം കിട്ടിയത് വാർത്തയായി മാറിയപ്പോഴും ജസ്നയുടെ ബന്ധുക്കളുടെ ദുഃഖത്തിനൊപ്പം സങ്കടത്തിലായിരുന്നു സിജോ.
ജസ്ന അല്ല അതെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും ഉത്തരമില്ലാതെ അവശേഷിക്കുകയാണ് രണ്ട് മാസമായി നീളുന്ന തിരോധാനം.