വെച്ചൂച്ചിറ: കാണാതായ ജെസ്നയുടെ വീട്ടിൽ ആശ്വാസ വാക്കുകളുമായി ലിത്വാനിയൻ യുവതി ഇൽസിയുടെ സന്ദർശനം. ഇന്നലെ ഉച്ചയോടെ ജെസ്നയുടെ കൊല്ലമുള കുന്നത്ത് വീട്ടിലെത്തിയ ഇൽസി ഏറെനേരെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
കോവളത്തു കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിയാണ് ഇൽസി. കേരളത്തിൽ തനിക്കുണ്ടായ ദുര്യോഗം മറ്റാർക്കും ഉണ്ടാകരുതെന്നും ജെസ്നയെ കണ്ടെത്തുമെന്ന ഉറച്ച വിശ്വാസമാണ് തനിക്കുള്ളതെന്നും ഇൽസി പറഞ്ഞു. തിരുവനന്തപുരത്തുനിന്നു കാർമാർഗമാണ് ഇൽസി എത്തിയത്.
കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ജെസ്നയുടെ വീട് സന്ദർശിച്ചതിനു പിന്നാലെയായിരുന്നു ഇൽസിയുടെ വരവ്. അന്വേഷണത്തിന്റെ തുടക്കത്തിൽ ചില പാളിച്ചകളുണ്ടായെന്ന ബന്ധുക്കളുടെ ആശങ്ക ഇൽസിയും പങ്കുവച്ചു. നിലവിലുള്ള അന്വേഷണസംഘത്തിൽ വിശ്വാസമുണ്ടെന്നും ജെസ്നയെ കണ്ടെത്താൻ കഴിയട്ടെയെന്നും ഇൽസി ആശംസിച്ചു. സഹോദരിയുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം ഇൽസി ഇന്നു സ്വദേശത്തേക്കു മടങ്ങും.