കോട്ടയം: ജെസ്നയുടെ കുടുംബാംഗങ്ങൾ, ജെസ്നയെ അവസാനമായി കണ്ട നാട്ടുകാർ, സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ തുടങ്ങണം തിരോധാനത്തിന് മൂന്നു വർഷം തികയാനിരിക്കെ ജെസ്നയെക്കുറിച്ചുള്ള സിബിഐയുടെ അന്വേഷണം.
മുൻപ് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ഇത്തരത്തിൽതന്നെയാണ് അന്വേഷണം നടത്തിയത്.
മുക്കൂട്ടുതറ ടെലിഫോണ് ടവറിന്റെ പരിധിയിൽനിന്നുള്ള അര ലക്ഷത്തോളം കോൾ ഡേറ്റകൾ, ജെസ്ന ഉപയോഗിച്ച പഴയ മോഡൽ മൊബൈൽ ഫോണ്, അതിൽ വന്നതും അയച്ചതുമായ ഫോണ് സന്ദേശങ്ങൾ,
നോട്ട് ബുക്കുകൾ, പുസ്തകങ്ങൾ, വിവിധയിടങ്ങളിൽ നിന്നുശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവയാണു ക്രൈംബ്രാഞ്ച് കൈവശമുള്ള രേഖകൾ.
മുണ്ടക്കയത്തിനു സമീപത്തെ തോട്ടങ്ങളിലും വിവിധ വനങ്ങളിലും മണിമലയാറിന്റെ തീരങ്ങളിലുമൊക്കെ നാട്ടുകാരും സഹപാഠികളും തിരോധാനത്തിനു പിന്നാലെ തെരച്ചിൽ നടത്തിയിരുന്നു.
സിബിഐയിൽ പ്രതീക്ഷയെന്ന് പിതാവ്
കോട്ടയം: ജെസ്നയെ കണ്ടെത്താൻ ഹൈക്കോടതി നിർദേശിച്ച സിബിഐ അന്വേഷണത്തിൽ പ്രതീക്ഷ വയ്ക്കുന്നതായി ജെസ്നയുടെ പിതാവ് കുന്നത്ത് ജെയിംസ് പറഞ്ഞു.
ജെസ്നയെ കാണാതായി ആറു മാസം പിന്നിട്ടപ്പോൾതന്നെ ലോക്കൽ പോലീസിൽനിന്ന് അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ താൽപര്യപ്പെട്ടിരുന്നു.
അക്കാലത്ത് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും പോലീസ് കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് അനുമതി നൽകാതെ വന്നത്.
രണ്ടര വർഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും സൂചന ലഭിക്കാത്ത സാഹചര്യത്തിൽ സിബിഐ മകളെ കണ്ടെത്തണമെന്നാണ് അഭ്യർഥനയും ആഗ്രഹവും -ജെയിംസ് പറഞ്ഞു.
ഇനി പ്രതീക്ഷ സിബിഐയിൽ
കോട്ടയം: ജെസ്ന തിരോധാനക്കേസ് സിബിഐക്ക് വിട്ടതോടെ കേസ് അനേഷണത്തിൽ അവസാന സാധ്യതയും പ്രതീക്ഷയും.
2018 മാർച്ച് 22ന് ജെസ്നയെ മുക്കൂട്ടുതറ സന്തോഷ് കവലയിലെ വീട്ടിൽനിന്നു പോയശേഷം കാണാതായതിനു പിന്നാലെ അന്നു രാത്രിതന്നെ ബന്ധുക്കൾ വെച്ചൂച്ചിറ പോലീസിൽ പരാതി നൽകിയിരുന്നു.
മൂന്നു മാസത്തോളം ലോക്കൽ പോലീസും തുടർന്ന് രണ്ടര വർഷം ക്രൈംബ്രാഞ്ചും അന്വേഷിച്ചു കണ്ടെത്താൻ സാധിക്കാതിരിക്കെയാണ് കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.
ജെസ്നയുടെ സഹോദരൻ മുക്കൂട്ടുതറ കുന്നത്ത് ജയ്സ് ജോണ്, കഐസ്യു സംസ്ഥാനപ്രസിഡന്റ് കെ.എം. അഭിജിത് എന്നിവരുടെ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
മുണ്ടക്കയം പുഞ്ചവയലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന സൂചനയിൽ രാവിലെ ഒന്പതിനു വീട്ടിൽനിന്നിറങ്ങി ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറ കവലയിലും 9.30ന് സ്വകാര്യ ബസിൽ എരുമേലി സ്റ്റാൻഡിലും ജെസ്ന എത്തിയതാണ് സാക്ഷിമൊഴി. ഇതിനുശേഷം വ്യക്തമായ വിവരമില്ല.
കേരളത്തിലും അയൽസംസ്ഥാനങ്ങളും ജെസ്നയെത്തിയെന്ന സൂചനയിൽ ഒട്ടേറെ അന്വേഷണങ്ങൾ നടത്തിയെങ്കിലും സൂചന ലഭിച്ചില്ല.
പിൽക്കാലത്ത് ജെസ്നയെക്കുറിച്ച് ആശ്വാസകരമായ സൂചന ലഭിക്കുമെന്ന് എഡിജിപി ടോമിൻ തച്ചങ്കരിയും റിട്ട. എസ്പി കെ.ജി. സൈമണും പറഞ്ഞെങ്കിലും സാധ്യതകൾ തെളിഞ്ഞില്ല.
സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണചുമതല. ക്രൈംബ്രാഞ്ച് കേസ് ഡയറിയും രേഖകളും സിബിഐക്ക് ഉടൻ കൈമാറണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷ അവസാനിച്ചതിനാൽ കേസ് ഏറ്റെടുക്കാൻ സിബിഐയ്ക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൽ അവസാന വർഷ ബികോം വിദ്യാർഥിനിയായിരുന്നു ജെസ്ന മരിയ ജെയിംസ്.
കാഞ്ഞിരപ്പള്ളിയിൽ ആക്ഷൻ കൗണ്സിൽ രൂപീകരിച്ച് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അന്വേഷണം ഉൗർജിതമാക്കാൻ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിരുന്നു. ബന്ധുക്കൾ അടുത്തയിടെ പ്രധാനമന്ത്രിക്കും നിവേദനം നൽകിയിരുന്നു.
ജെസ്നയെ കണ്ടെത്തുന്നവർക്കു അഞ്ച് ലക്ഷം രൂപ അന്വേഷണസംഘം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.