ബംഗളുരു: കാഞ്ഞിരപ്പള്ളിയിൽനിന്നു കാണാതായ ജെസ്നയെ ബംഗളുരുവിൽ കണ്ടെന്നു സ്ഥിരീകരണം. ബംഗളുരുവിലെ ആശ്രയഭവനിൽ ജെസ്നയും സുഹൃത്തും എത്തിയിരുന്നതായാണു സ്ഥിരീകരിച്ചത്.
വാഹനാപകടത്തിൽ പരിക്കേറ്റ ഇരുവരും ബംഗളുരുവിലെ നിംഹാൻസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ശനിയാഴ്ചയാണ് ഇവർ ഇവർ ചികിത്സ തേടിയെത്തിയത്. ഇവർ പിന്നീട് മൈസുരുവിലേക്കു പോയെന്നാണു സൂചന.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായ ജെസ്ന മരിയ ജയിംസി(20)നെ കഴിഞ്ഞ മാർച്ച് 22നാണ് കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല.
ഓട്ടോറിക്ഷയിലും ബസിലുമായി ജെസ്ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജെസ്നയുടെ കൈവശം മൊബൈൽ ഫോണോ എടിഎം കാർഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണു ജെസ്ന.
ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം ബംഗളുരുവിലെത്തിയിരുന്നെങ്കിലും തുന്പു കിട്ടാതെ മടങ്ങിയിരുന്നു. ബംഗളൂരുവിൽനിന്ന് ജെസ്നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന രണ്ടു ഫോണ് കോളുകളുടെ ഉറവിടം തേടിയാണ് വെച്ചൂച്ചിറ എഎസ്ഐയും സംഘവും ബംഗളുരുവിലേക്കു പോയത്. ബന്ധപ്പെട്ട മൊബൈൽ കന്പനികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.