കോട്ടയം: തിരോധാന കേസുകൾ പോലീസ് അന്വേഷണം പ്രഖ്യാപിച്ചതോടെ കോട്ടയത്ത് നിരവധി പേരുടെ തിരോധാനവും അന്വേഷണ പരിധിയിലേക്കു വീണ്ടുമെത്തുന്നു.
എരുമേലി സ്വദേശിനി ജെസ്ന (20), കുമരകം അറുപുഴ ദന്പതികളായ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37), മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരുടെ തിരോധാനമാണ് ഇപ്പോൾ സജീവമാകുന്നത്.
അറുപറയിൽനിന്നു ദന്പതികളെ കാണാതായിട്ട് വർഷങ്ങൾ പിന്നിട്ടു. ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർ 2017 ഏപ്രിൽ ആറിനു ഹർത്താൽ ദിനത്തിൽ ഇരുവരും കാറിലാണു വീട്ടിൽനിന്നു പോയത്.
പുറത്തുനിന്നും ആഹാരം വാങ്ങാനെന്നു പറഞ്ഞാണു രാത്രി ഇവർ പോയത്. ഇതുവരെ ഇവരെപ്പറ്റി ഒരു തുന്പും ലഭിച്ചിട്ടില്ല.
താഴത്തങ്ങാടി ആറ്റിലും 15ൽ കടവ്, മറിയപ്പള്ളിയിലെ പാറമട കുളത്തിലും അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല.
പോലീസ്, ക്രൈബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ഇവരെപ്പറ്റി തെളിവൊന്നും ലഭിച്ചില്ല. ഒറ്റക്കണ്ടത്തിൽ ഹാഷിം അന്ധവിശ്വാസത്തിന്റെ അടിമപ്പെട്ടയാളാണെന്നു അന്നുമുതൽ പ്രചാരണമുണ്ടായിരുന്നു.
2017 നവംബർ 13ന് കഐസ്ഇബി റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെയാണു കാണാതായത്.
ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. വീട്ടിൽനിന്നും ഇവർ സഞ്ചരിച്ച സ്കൂട്ടർ കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും പോലീസ് കണ്ടെത്തിയിരുന്നു.
മനോവിഷമത്തിലായിരുന്ന മകൻ മാങ്ങാനം പുതുക്കാട്ട് ടിൻസി ഇട്ടി എബ്രഹാം (37) ഇവരുടെ തിരോധാനത്തിനു രണ്ടുദിവസത്തിനുശേഷം ജീവനൊടുക്കിയിരുന്നു.
ഇടപെട്ട് ഇന്റർപോളും
2018 മാർച്ച് 22നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിനി ജെസ്ന മറിയ ജെയിംസിനെ കാണാതാകുന്നത്. ജെസ്നയ്ക്കായി 191 രാജ്യങ്ങളിൽ ഇന്റർപോളിന്റെ യെല്ലോ നോട്ടീസ് നൽകിയിട്ടും ഒരു സൂചനയും ലഭിച്ചില്ല.
റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയിൽ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്ന. കാണാതാകുന്പോൾ 20 വയസായിരുന്നു.
ലോക്കൽ പോലീസും സ്പെഷ്യൽ ടീമും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് പിന്നീട് സിബിഐയ്ക്കു കൈമാറിയത്.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർഥിനിയായിരുന്ന ജെസ്ന പരീക്ഷയ്ക്കു മുന്നോടിയായി പഠനാവധിയിലായിരുന്നു.
അച്ഛന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോകുന്നെന്ന് അറിയിച്ചെന്ന് അടുത്ത വീട്ടിലെ കുട്ടി പറഞ്ഞിട്ടുണ്ട്.
മാർച്ച് 22ന് രാവിലെ 9.30ന് ഓട്ടോയിൽ കയറി മുക്കൂട്ടുതറയിൽ എത്തി. ഓട്ടോക്കാരനും ഇക്കാര്യം സ്ഥിരീകരിച്ചു. അച്ഛൻ രാവിലെ 7.15നും സഹോദരൻ 8.30നും വീട്ടിൽനിന്നു പോയിരുന്നു.
ജെസ്ന പിതൃസഹോദരിയുടെ വീട്ടിൽ എത്തിയില്ല. 2021 ഫെബ്രുവരി 19-നായിരുന്നു അന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടത്.
സിബിഐയും കേസ് അവസാനിപ്പിച്ച അവസ്ഥയിലാണ്. നിരവധി ഏജൻസികൾ അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താതെ ദുരൂഹത തുടരുകയാണ്.