എരുമേലി: മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകൾ ജെസ്ന മരിയയെ കാണാതായിട്ട് കഴിഞ്ഞ 22നു നാലു വർഷം പിന്നിട്ടിട്ടും ഒരു തുന്പുമില്ല.
ഒരു വർഷം പിന്നിട്ട സിബിഐ അന്വേഷണവും പരാജയപ്പെട്ട നിലയിൽ. ഒടുവിലിപ്പോൾ ലൂക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ.
ഒപ്പം ഇന്റർപോളിന്റെ സഹായം തേടി യെല്ലോ നോട്ടീസ് നൽകി. പ്രാദേശികമായാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തുവിട്ടിരിക്കുന്നത്.
ജെസ്ന വിദേശത്ത് ആയിരിക്കാമെന്നാണ് സിബിഐയുടെ നിഗമനം. ഇന്ത്യക്കു പുറത്താണെങ്കിൽ കണ്ടെത്താനാണ് ഇന്റർപോളിന്റെ സഹായം തേടിയിരിക്കുന്നത്.
ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിലുടനീളം നിറഞ്ഞത് അഭ്യൂഹങ്ങളും കെട്ടുകഥകളും മാത്രമായിരുന്നു.
അന്വേഷണ ഏജൻസികൾ പലതും മാറി വന്നിട്ടും ജെസ്നയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് 2021 ഫെബ്രുവരിയിൽ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്.
കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയിലാണു കേസ് സിബിഐയ്ക്കു കൈമാറിയത്.
കാണാതായത് 2018 മാർച്ച് 22ന്
രാവിലെ 9.20നു വീട്ടിൽനിന്ന് അയൽവാസി സിജോമോന്റെ ഓട്ടോറിക്ഷയിൽ പുറപ്പെട്ട ജെസ്ന അടുത്തുള്ള ടൗണായ മുക്കൂട്ടുതറയിലെത്തിയ ശേഷം അവിടെനിന്നു കോട്ടയം ചാത്തൻതറ റൂട്ടിലോടുന്ന തോംസണ് ബസിൽ എരുമേലിയിലേക്കു പോയി.
സ്കൂളിൽ ജൂണിയർ വിദ്യാർഥിയായിരുന്ന ഫിറോസ് കെ. ഫൈസലും അമ്മ ഷെഫീനയും എരുമേലിയിൽ വച്ച് ജെസ്നയെ കണ്ടു.
ജെസ്നയെ അവസാനം കണ്ടത് അവരാണ്. എരുമേലി വരെ ബസിൽ വന്നതിനു തെളിവുണ്ട്. പിന്നീട് ആരും ജസ്നയെ കണ്ടിട്ടില്ല.
മുണ്ടക്കയം പുഞ്ചവയലിൽ പിതൃസഹോദരിയുടെ വീട്ടിൽ പോവുകയാണെന്നാണ് ജെസ്ന വീട്ടിൽ പറഞ്ഞിരുന്നത്.
അവിടെ എത്തിയിട്ടില്ലെന്നു വീട്ടുകാർ അറിയുന്നത് വൈകുന്നേരമാണ്. പോകാൻ സാധ്യതയുളള സ്ഥലങ്ങളിൽ അന്വേഷിച്ചതിനൊടുവിൽ രാത്രി പത്തിനു എരുമേലി പോലീസിലും പിറ്റേന്ന് രാവിലെ വെച്ചൂച്ചിറ പോലീസിലും അറിയിക്കുകയും പരാതി നൽകുകയും ചെയ്തു.
അന്വേഷണം അഭ്യൂഹങ്ങളിൽ
വെച്ചൂച്ചിറ പോലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അന്വേഷണം നടത്തി.
വീടിനു സമീപത്തും വനങ്ങളിലുമെല്ലാം തെരച്ചിൽ നടത്തി. ബംഗളൂരു, പൂനെ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ജെസ്നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങൾ വന്നതിനെ തുടർന്ന് ഇവിടങ്ങളിലും പോയി.
ജെസ്നയെ കാണാതായി 47 ദിവസങ്ങൾ പിന്നിടുന്പോഴാണ് ബംഗളൂരുവിൽ കണ്ടെന്ന വിവരമെത്തിയത്. സിസി ടിവി കാമറാ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തെളിവില്ലായിരുന്നു.
ബംഗളൂരുവിൽ ജെസ്നയും ഒരു ആണ് സുഹൃത്തും അഭയം തേടിയതായി പറയപ്പെട്ട ആശ്രയ ഭവൻ, ചികിത്സയിൽ കഴിഞ്ഞതായി അഭ്യൂഹം പ്രചരിച്ച നിംഹാൻസ് ആശുപത്രി എന്നിവിടങ്ങളിൽ ബംഗളൂരു പോലീസുമായി നടത്തിയ അന്വേഷണവും കെട്ടുകഥക്ക് പിന്നിലെ യാത്ര പോലെയായി.
ജെസ്നയുടെ സഹോദരി ജെഫിയുടെ ഫോണിലേക്ക് ഇതിനിടെ ബംഗളൂരുവിലെ ടവർ ലൊക്കേഷനുകളിൽനിന്നു വന്ന അജ്ഞാത കോളുകളുടെ ഉറവിടവും പോലീസ് തേടിയിരുന്നു.
ഇതിനിടെ ചെന്നൈ കാഞ്ചീപുരത്തിനുസമീപം കത്തിക്കരിഞ്ഞ നിലയിൽ ഒരു പെണ്കുട്ടിയുടെ മൃതദേഹം കണ്ടത്തുകയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെ അന്വേഷണം ആ വഴിക്കുമെത്തിയിരുന്നു.
ലക്ഷക്കണക്കിന് മൊബൈൽഫോണ് കോളുകൾ പരിശോധിച്ചു. ജെസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പലതവണ ചോദ്യം ചെയ്തു.
അന്വേഷണത്തിൽ തുന്പ് കണ്ടെത്താതെ വന്നതിനെ തുടർന്നു കഴിഞ്ഞ സെപ്റ്റംബറിൽ എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു.
നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.
ഒതുങ്ങിക്കൂടുന്ന സ്വഭാവം
സ്വയം ഒതുങ്ങി കൂടുന്ന സ്വഭാവമായിരുന്നു ജെസ്നയുടേതെന്ന് ബന്ധുക്കൾ വേദനയോടെ പറയുന്നു.
പഴയ നോക്കിയ 1100 മോഡൽ മൊബൈൽ ഫോണ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആകെയുള്ള സൗഹൃദങ്ങൾ അടുത്ത കൂട്ടുകാരികളിൽ ഒതുങ്ങി നിൽക്കുന്നു.
അമ്മയുടെ മരണത്തിലൂടെ ഏകാന്തതയും അതിലൂടെ പകർന്ന വിഷാദ ചിന്തയും ഒഴിച്ചാൽ ജെസ്നയെ മറ്റു പ്രയാസങ്ങൾ അലട്ടിയിരുന്നില്ലെന്നു പിതാവ് ജെയിംസ് പറഞ്ഞു.
ബാങ്ക് അക്കൗണ്ടിന്റെ എടിഎം കാർഡ് പോലും ജെസ്ന ഉപയോഗിക്കാറില്ലായിരുന്നു. പഠനത്തിന്റെ ആവശ്യത്തിന് കോളജിൽ നൽകിയിരുന്നത് കൂട്ടുകാരിയുടെ മെയിൽ ഐഡി ആയിരുന്നു.
ബന്ധുക്കൾക്കും സഹപാഠികൾക്കുമൊപ്പം ഏതാനും ടൂർ യാത്രകളല്ലാതെ ഒറ്റയ്ക്ക് ദൂരയാത്ര നടത്തിയിട്ടില്ല.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർഥിനിയായിരുന്ന ജെസ്ന കോളജിലേക്കു പോയി മടങ്ങിയിരുന്നത് സഹോദരനൊപ്പമായിരുന്നു.
ബാഹ്യലോകവുമായി കാര്യമായ സന്പർക്കമില്ലായിരുന്നു. സോഷ്യൽ മീഡിയ ബന്ധവുമില്ലായിരുന്നു. ഹോസ്റ്റലിൽ ആക്കിയിട്ടും അവിടെ തങ്ങാതെ ദിവസവും വീട്ടിലെത്തും.
വടിവൊത്ത കൈയക്ഷരങ്ങളും അടുക്കും ചിട്ടയുമുള്ള മുറിയും തികഞ്ഞ മതഭക്തിയും ഒക്കെ വേറിട്ട സ്വഭാവ ഗുണമായിരുന്ന ജെസ്നയുടേതെന്നും അണിഞ്ഞൊരുക്കവും ആഡംബര വസ്ത്രങ്ങളും ആഭരണങ്ങളുമൊന്നും ജെസ്ന ഇഷ്ടപ്പെട്ടിരുന്നില്ലന്ന് ബന്ധുക്കൾ പറയുന്നു.
കേരളം ഏറെ ചർച്ച ചെയ്ത തിരോധാനം
കേരളം ഏറെ ചർച്ച ചെയ്ത തിരോധാനം കൂടിയായിട്ടും അത്യാധുനികവും ശാസ്ത്രീയവുമായ അന്വേഷണ സംവിധാനങ്ങൾ പോലീസിലുണ്ടായിട്ടും ജെസ്ന എവിടെയെന്ന ചോദ്യത്തിന് ഉത്തരം നൽകാനാകുന്നില്ല.
ജെസ്ന എങ്ങോട്ടുപോയി മറഞ്ഞു എന്നത് നാലുവർഷത്തിനുശേഷവും ഒരു സമസ്യയായി തുടരുകയാണ്.
ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളുമായി ബന്ധമില്ലാത്ത ഒരാളുടെ തിരോധാനം ആയത് പോലീസിന്റെ അന്വേഷണത്തിൽ പ്രധാന തടസമായെന്നാണ് സിബിഐയുടെയും വിലയിരുത്തൽ.