കോട്ടയം: എരുമേലിയിൽനിന്നു കാണാതായ ജസ്ന മരിയയുടെ തിരോധാനം ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്നതിനിടയിൽ മറ്റൊരു പെൺകുട്ടിയുടെ തിരോധാനവും കേരളത്തെ പിടിച്ചുലയ്ക്കുന്നു.
പാലക്കാട് ആലത്തൂരിൽനിന്നു സൂര്യ കൃഷ്ണ എന്ന ഇരുപത്തൊന്നുകാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായിരിക്കുന്നത്.
ജസ്നെയെ കാണാതായതിനു സമാനമായ സാഹചര്യവും രീതികളുമാണ് സൂര്യയുടെ തിരോധാനത്തിലും ഉണ്ടായിരിക്കുന്നത്.
ഒന്നര മാസം പിന്നിട്ടിട്ടും പെൺകുട്ടിയെ സംബന്ധിച്ചു യാതൊരു വിവരവും ലഭിക്കാതെ കടുത്ത ആശങ്കയിലാണ് വീട്ടുകാരും ബന്ധുക്കളും പ്രിയപ്പെട്ടവരുമൊക്കെ.
പാലക്കാട് മേഴ്സി കോളജിൽ ബിരുദ വിദ്യാർഥിനിയാണ് സൂര്യ. ആലത്തൂർ പുതിയങ്കം ഭരതൻ നിവാസിൽ രാധാകൃഷ്ണന്റെയും സുനിതയുടെയും മകളാണ്. കഴിഞ്ഞ ഒാഗസ്റ്റ് 30നാണ് സൂര്യയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്.
ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് വരികയാണെന്നു പിതാവ് രാധാകൃഷ്ണനെ വിളിച്ച് അറിയിച്ച ശേഷം രാവിലെ പതിനൊന്നേകാലോടെയാണ് സൂര്യ വീട്ടിൽനിന്ന് ഇറങ്ങിയതെന്നു വീട്ടുകാർ പറയുന്നു.
അച്ഛനോട് അങ്ങോട്ട് എത്തണമെന്നും സൂര്യയുടെ അമ്മ വിളിച്ചു പറഞ്ഞിരുന്നു. സൂര്യയെ കാത്ത് രാധാകൃഷ്ണൻ ബുക്ക് സ്റ്റാളിനു സമീപം ഏറെ നേരം നിന്നെങ്കിലും അവൾ എത്തിയില്ല.
വീട്ടിൽനിന്നു പതിനഞ്ചു മിനിറ്റ് നടന്നാൽ എത്താവുന്ന സ്ഥലത്തായിരുന്നു ബുക്ക് സ്റ്റാൾ.
ഫോൺ എടുത്തില്ല
ഇതോടെ പരിഭ്രാന്തിയിലായ കുടുംബം അന്നു തന്നെ പോലീസിൽ പരാതിയും നൽകി. മൊബൈൽ ഫോണോ സ്വന്തം എടിഎം കാർഡോ എടുക്കാതെയാണ് സൂര്യ വീട്ടിൽനിന്നു പോയതെന്നു പരിശോധനയിൽ മനസിലായി.
ആകെ രണ്ടു ജോടി വസ്ത്രം മാത്രമാണ് എടുത്തിരുന്നത്. മൊബൈൽ ഫോൺ പോലും എടുക്കാതെ അപ്രത്യക്ഷയായതോടെ ഒരു വിധത്തിലും പോലീസിനു യാതൊരുവിധ സൂചനകളും പെൺകുട്ടിയെക്കുറിച്ചു ലഭിച്ചില്ല.
ആലത്തൂർ മേഖലയിലെ ഒരു സിസി ടിവി ദൃശ്യത്തിൽ സൂര്യ ബാഗുമായി പാതയോരത്തുകൂടി നടന്നുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ഇതു സൂര്യ തന്നെയാണെന്നു വീട്ടുകാർ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി കാമറയിലാണ് ദൃശ്യം പതിഞ്ഞത്. അതാണ് സൂര്യയെ കാണാതായതിനു ശേഷം ലഭിച്ച ഏക സൂചന.
സാധാരണ ആലത്തൂരിലേക്കു പോകാറുള്ള വഴിയല്ല അന്നു സൂര്യ തെരഞ്ഞെടുത്തത്. വീട്ടുകാർക്കൊപ്പം പോലും അവൾ ഇതുവഴി പോയിട്ടില്ലെന്ന് അച്ഛൻ രാധാകൃഷ്ണൻ പറയുന്നു.
പാലായിൽ പഠിക്കുന്പോൾ കൊണ്ടുവിടുന്നതും കൂട്ടിക്കൊണ്ടുവരുന്നതും അച്ഛനായിരുന്നു. ബന്ധുവീടുകളിലും പോയി താമസിച്ച പരിചയമില്ല.
വീട്ടുകാരുടെ അറിവിൽ കൈയിൽ പണമില്ല. പിന്നെ ഇവൾ എങ്ങോട്ടുപോയി എന്നതാണ് എല്ലാവരെയും അലട്ടുന്ന ചോദ്യം.
സൂര്യക്കായി പോലീസ് വ്യാപക അന്വേഷണവും തെരച്ചിലും നടത്തിയിട്ടും യാതൊരു പ്രയോജനവും ഇതുവരെ ഉണ്ടായിട്ടില്ല.
ബന്ധുവീടുകളിലും പോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുമൊക്കെ പോലീസ് അന്വേഷണം നടത്തി. തമിഴ്നാട്ടിൽ ഇവരുടെ ചില ബന്ധുക്കൾ താമസിക്കുന്നുണ്ട്.
അവിടെയും നേരിട്ടുപോയി പോലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും കിട്ടിയില്ല. എസ്എസ്എൽസിക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് സൂര്യ ജയിച്ചത്.
പാലായിൽ എത്തി മെഡിക്കൽ എൻട്രൻസ് പരിശീലനവും നേടിയിരുന്നു.
എന്നാൽ, പ്രവേശനം കിട്ടാതെ വന്നതിനെത്തുടർന്നാണ് മേഴ്സി കോളജിൽ ബിരുദത്തിനു ചേർന്നത്. അധികം കൂട്ടുകൂടാത്ത പ്രകൃതക്കാരിയായിരുന്നു സൂര്യയെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
ഗോവയിലോ?
ഗോവ അവൾക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണെന്നു പറയാറുണ്ടായിരുന്നതിന്റെ പേരിൽ പോലീസ് അവിടെയും പോലീസ് അന്വേഷണം നടത്തിയിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ ആലത്തൂർ ഡിവൈഎസ്പി കെ.എ.ദേവസ്യ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എരുമേലിയിൽനിന്നു കാണാതായ ജസ്നയുടെ തിരോധാനവുമായി വലിയ സാമ്യമാണ് സൂര്യയുടെ തിരോധാനത്തിലും നടന്നിരിക്കുന്നത്.
2018 മാർച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജെസ്നയെ കാണാതാകുന്നത്.
കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
ബസിൽ വന്നു
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടിൽനിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്നയെ ആരും കണ്ടിട്ടില്ല.
മാർച്ച് അവസാനം ജെസ്നയെ സംബന്ധിച്ചു ചില വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായതിനാൽ അന്വേഷണത്തിൽ തടസങ്ങൾ നേരിട്ടിരുന്നു.
ജെസ്ന ജീവനോടെയുണ്ടെന്ന വിവരമാണ് അനൗദ്യോഗികമായി പോലീസ് ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ചിരുന്നത്. ജെസ്ന തമിഴ്നാട്ടിലേക്കാണു പോയതെന്നാണു വിവരം.
2 ലക്ഷം നന്പരുകൾ
കേസന്വേഷണത്തിനായി രണ്ടു ലക്ഷം ടെലിഫോണ് മൊബൈൽ നന്പരുകൾ ശേഖരിച്ചു. 4,000 നന്പരുകൾ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി.
ജെസ്നയ്ക്കായി പോലീസ് കുടകിലും ബംഗളുരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബംഗളുരുവിലെ ഒരു സ്ഥാപനത്തിൽ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നൽകിയെങ്കിലും ജെസ്നയല്ലെന്നു പിന്നീടു വ്യക്തമായി.
ബംഗളൂരുവിലും?
ബംഗളൂരു എയർപോർട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങൾ ലഭിച്ചതനുസരിച്ചു പോലീസ് സംഘം പലതവണ ബംഗളുരുവിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.
സംഭവ ദിവസം 16 തവണ ജെസ്നയെ ഫോണിൽ വിളിച്ച ആണ് സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചില്ലെന്നു പോലീസ് പറയുന്നു.
അതേസമയം, ലൗ ജിഹാദ് ആരോപണങ്ങൾ ശക്തിപ്പട്ട വേളയിലാണ് ദുരൂഹമായ സാഹചര്യത്തിൽ ജെസ്ന അപ്രത്യക്ഷയായതു വീണ്ടും വലിയ ചർച്ചയായി മാറിയത്.
ബംഗളൂരുവിനെ രഹസ്യ കേന്ദ്രത്തിൽ ജെസ്ന ഉണ്ടെന്നും വേഷവിധാനത്തിലൊക്കെ മാറ്റം വന്നിട്ടുണ്ടെന്നുമൊക്കെയുള്ള വാർത്തകളും സൂചനകളും മാധ്യമങ്ങളിലൊക്കെ വന്നിരുന്നു.
ബംഗളൂരുവിലല്ല മംഗലാപുരത്താണ് ഉള്ളതെന്നു മറ്റു ചില വാർത്തകളും പ്രചരിച്ചു.എന്നാൽ, അന്നും ഇന്നും ഇതൊന്നും സ്ഥിരീകരിക്കാൻ പോലീസ് തയാറായില്ല.
ക്രൈംബ്രാഞ്ചിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് ഐജി ടോമിൻ തച്ചങ്കരിയും ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് പറഞ്ഞിരുന്നു എന്നാൽ, എന്താണ് സൂചനയെന്നോ ആശാവഹമായ കാര്യമെന്നോ വെളിപ്പെടുത്താൻ ആരും തയാറായില്ല.
ഇനിയെങ്കിലും ജെസ്നയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതയുടെ ചുരുൾ അഴിക്കണമെന്നും അന്വേഷണം എൻഐഎയ്ക്കു കൈമാറണമെന്നുമാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്.
എസ്പിയുടെ വെളിപ്പെടുത്തൽ
ഏറെക്കാലം സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചുമൊക്കെ അന്വേഷണം നടത്തിയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന കെ.ജി.സൈമൺ വിരമിക്കുന്നതു തൊട്ടുമുന്പു നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഈ കേസിനെ അടുത്ത കാലത്തു വാർത്തകളിൽ നിറച്ചത്.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ടെന്നു പത്തനംതിട്ട എസ്പി അന്നു മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
എന്നാൽ, ഇതെന്താണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.
തുറന്നു പറയാൻ കഴിയാത്തത്
തുറന്നു പറയാൻ കഴിയാത്ത പലകാര്യങ്ങളുമുണ്ടെന്നും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോവിഡ് വ്യാപനം അന്വേഷണത്തിൽ മങ്ങലേൽപ്പിച്ചെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, പിന്നീട് ഒന്നും മുന്നോട്ടുനീങ്ങിയില്ല. വൈകാതെ പ്രതിഷേധം ശക്തമായതോടെ ജസ്ന കേസ് സിബിഐക്കു വിട്ടിരുന്നു.
അവരും അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആശാവഹമായ പുരോഗതി ഉണ്ടായതായി വിവരമില്ല.