ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരേ കൊലക്കുറ്റം ചുമത്തി. മിതേഷ് പട്ടേൽ എന്ന ഇന്ത്യക്കാരനെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്. അറസ്റ്റിലായ ഇയാളെ ടീസിഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജെസിക്ക പട്ടേൽ യുവതിയെ മിഡിൽസ്ബറോ നഗരത്തിലെ ലിൻതോർപ്പ് പ്രാന്തത്തിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ബ്രിട്ടനിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയായിരുന്നു ഇവർ. ഭർത്താവ് മിതേഷിനൊപ്പം അദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ജെസിക്ക ജോലി നോക്കിയിരുന്നത്.
എന്നാൽ മരണകാരണമുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഒന്നര വർഷത്തിലേറെയായി ഇവർ ഈ വീട്ടിൽ താമസിച്ചു വരികയായിരുന്നുവെന്നും എന്നാൽ ഇവർ തമ്മിൽ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അയൽക്കാർ പോലീസിനോടു പറഞ്ഞു.
മാഞ്ചസ്റ്റർ സർവകലാശാലയിൽ പഠിക്കവെയാണ് ജെസിക്ക മിതേഷിനെ പരിചയപ്പെടുന്നത്. ഇവർ പിന്നീട് വിവാഹിതരാകുകയായിരുന്നു.