പാലാ: നിവിൻ പോളി നായകനും മോഹൻലാൽ അതിഥി താരവുമായി എത്തുന്ന “കായംകുളം കൊച്ചുണ്ണി’ തീയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്പോൾ 1965 ൽ സത്യൻ നായകനായി പുറത്തിറങ്ങിയ പഴയ “കായംകുളം കൊച്ചുണ്ണി’ സിനിമയുടെ ഓർമകളിലാണ് പാലാ സ്വദേശിനിയായ ജസിയമ്മ. തന്റെ 15-ാം വയസിൽ പഴയ കായംകുളം കൊച്ചുണ്ണിയിൽ ജസിയമ്മ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് സംവിധാനം ചെയ്ത ചിത്രം അന്ന് വൻ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ചിത്രത്തിൽ ഒരു നായർ തറവാട്ടിലെ പെണ്‍കുട്ടിയായാണ് ജസിയമ്മ അഭിനയിച്ചത്.
തന്നെ വേളി ചെയ്യാൻ എത്തുന്ന വയസൻ നന്പൂതിരിയിൽ നിന്നും രക്ഷനേടാൻ കായംകുളം കൊച്ചുണ്ണിയോട് സഹായം അഭ്യർഥിക്കുന്നതും കായംകുളം കൊച്ചുണ്ണി രക്ഷയ്ക്കായെത്തുന്നതുമാണ് കഥാസന്ദർഭം. ജസി പാലാ എന്ന പേരിലാണ് സിനിമയുടെ ടൈറ്റിലിൽ ഇവരുടെ പേര് ചേർത്തിരുന്നത്. പഴയ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
എങ്കിലും പഴയകാല സിനിമാബന്ധങ്ങളുടെ ആഴവും ഊഷ്മളതയും ജസിയമ്മ ഇപ്പോഴും ഓർത്തെടുക്കുന്നു. പ്രശസ്ത ഭാരതനാട്യഗുരു എസ്.കെ. രാജരത്നംപിള്ളയുടെ കീഴിൽ ചെന്നൈയിൽ ഭരതനാട്യം അഭ്യസിക്കുന്ന കാലത്താണ് പാലാ മുണ്ടനോലിക്കൽ കുടുംബാംഗമായ ജസിയമ്മ നദി, ആരോമലുണ്ണി, ഗായത്രി തുടങ്ങി പത്തോളം സിനിമകളിൽ വേഷമിടുന്നത്.
പിന്നീട് സിനിമാരംഗം ഉപേക്ഷിച്ച ജസിയമ്മ ഉപരിപഠനത്തിനുശേഷം പാലാ അൽഫോൻസാ കോളജിൽ അധ്യാപികയായി നിയമിതയായി. അഞ്ചു വർഷം കരൂർ ഗ്രാമപഞ്ചായത്ത് മെംബറായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിൻ കപ്പൽശാല മുൻ ജീവനക്കാരൻ ചക്കാന്പുഴ മുഞ്ഞനാട്ട് ജോയി ജോസഫിന്റെ ഭാര്യയാണ് ജസിയമ്മ.