വൈപ്പിന്‍: ഞാറക്കല്‍ സെന്റ് മേരീസ് പള്ളിക്കു കിഴക്ക് അമ്മയും രണ്ട് മക്കളുമുടങ്ങുന്ന കുടുംബത്തിലെ മക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്.
ഇന്നു രാവിലെ സ്ഥലത്തെത്തിയെ പോലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. ഞാറക്കല്‍ പള്ളിക്ക് കിഴക്ക് ന്യൂറോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്റെ മക്കളായ ജെസി(49), സഹോദരന് ജോസ്(51) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ രാത്രി 8.45ഓടെയാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഇവരുടെ അമ്മ ഞാറക്കല്‍ സെന്റ് മേരീസ് യുപി സ്കൂള്‍ റിട്ട. അധ്യാപിക റീത്ത(80) യെ പോലീസും വാര്‍ഡ് മെമ്പറും ചേര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
എങ്കിലും ഇവരില്‍നിന്നും മൊഴിയെടുക്കാനായിട്ടില്ലത്രേ. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ഹാളിലായി മൂന്നിടങ്ങളിലായാണ് മൂവരെയും കണ്ടെത്തിയത്.
മരിച്ചവര്‍ ഇരുവരും ജനലിനോട് ചേര്‍ന്ന തറയില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു .
മരിച്ചവരുടെ കഴുത്തില്‍ കുരുക്കുകള്‍ ഉണ്ടെങ്കിലും തൂങ്ങി നില്ക്കുന്ന അവസ്ഥയിലല്ലായിരുന്നു. കുരുക്കിന്റെ ഒരറ്റം ജനല്‍ കമ്പിയില്‍ കെട്ടിയിട്ടുമുണ്ടായിരുന്നു.
കൂടാതെ മൂവരും കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഇതു മൂലം മുറിയില്‍ രക്തം കെട്ടി നിന്നിരുന്നു.
ഫാന്‍ ഇട്ടിരുന്നതിനാല്‍ പലയിടത്തും രക്തം പെട്ടെന്ന് ഉണങ്ങിയിട്ടുമുണ്ടത്രേ. ടീച്ചറുടെ കൈത്തണ്ടയിലെ മുറിവ് ഗുരുതരമല്ലാതിരുന്നതിനാലാണ് പെട്ടെന്ന് മരണം സംഭവിക്കാതിരുന്നതെന്നാണ് നിഗമനം.
ജെസി ഞാറക്കല്‍ സെന്റ് മേരീസ് സ്കൂള്‍ അധ്യാപികയാണെങ്കിലും ഏറെ നാളായി അവധിയിലാണത്രേ.
മൂവരും മാനസീകാസ്വാസ്ഥ്യത്തിന് ദീര്‍ഘനാളുകളായി ചികിത്സ നടത്തിവരുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മുനമ്പം ഡിവൈഎസ്പി ബിനു, ഞാറക്കല്‍ എസ്ഐ രാജന് കെ. അരമന, എസ്ഐ എ.കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലുവയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ദരും ഫിങ്കര്‍ പ്രിന്റ് വിദഗ്ദരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി എറണാകുളത്തേക്ക് മാറ്റി. ഇന്നു തന്നെ പോസ്റ്റ്മോര്‍ട്ടം നടക്കും.
അമ്മയുടെ മൊഴിയെടുക്കാൻ പോലീസ്
വൈപ്പിന്‍: അപകടനില തരണം ചെയ്ത അമ്മയുടെ മൊഴി എടുത്താലെ സംഭവങ്ങള്‍ക്ക് വ്യക്തത വരുവെന്ന് പോലീസ്. പ്രഥമ ദൃഷ്ടിയിൽ ദുരൂഹതകള്‍ ഇല്ലെന്നാണ് നിഗമനം.
അമ്മയുടെ മൊഴി, ഫോറന്‍സിക് റിപ്പോര്‍ട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ കൂടി ലഭിച്ചാല്‍ മാത്രമെ മരണത്തെ സംഭവിച്ച് വ്യക്തമായി പറയാനാവുള്ളുവെന്നും പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ് പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്തു കയറുമ്പോള്‍ പുറത്തുനിന്നുള്ള എല്ലാ വാതിലുകളും അകത്തുനിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു.
ഈ സാഹചര്യത്തില്‍ പുറത്തുനിന്നും ആളെത്തി എന്തെങ്കിലും ചെയ്തതായുള്ള സംശയിക്കാനാവില്ല. വീട്ടില്‍നിന്നും എന്തെങ്കിലും നഷ്ടപ്പെട്ടതായി ഇതുവരെ കണ്ടെത്തിയിട്ടുമില്ല.