കോട്ടയം: പാചകവാതകം ചോർന്നു തീപിടിച്ച് പൊള്ളലേറ്റു മരിച്ച അധ്യാപികയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്.
കുടമാളൂർ അന്പാടി ഷെയർ വില്ലയിൽ വിളക്കുമാടത്ത് ഡോ. വൈ. മാത്യുവിന്റെ (റിട്ട. വൈസ് പ്രിൻസിപ്പൽ, സിഎംഎസ് കോളജ്, കോട്ടയം) ഭാര്യ ടി.ജി. ജെസി (റിട്ട. പ്രിൻസിപ്പൽ, സിഎംഎസ് ഹയർസെക്കൻഡറി സ്കൂൾ, കുഴിക്കാല, കോഴഞ്ചേരി-60)ആണു മരിച്ചത്.
മൃതദേഹം ചാലുകുന്ന് ട്രിനിറ്റി സിഎസ്ഐ കത്തീഡ്രൽ പാരീഷ് ഹാളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ പൊതുദർശനത്തിനു വെച്ചതിനുശേഷം മൂന്നിന് സിഎസ്ഐ ട്രിനിറ്റി കത്തീഡ്രലിൽ സംസ്കരിക്കും. പരേത കോഴഞ്ചേരി തെക്കേമല തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്.
കഴിഞ്ഞ ആറിനു രാത്രി 11നാണ് അപകടമുണ്ടായത്. മാത്യുവും ജെസിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ പാചകവാതകം ചോർന്നതിന്റെ ഗന്ധം അനുഭവപ്പെട്ടതോടെ ജെസി അടുക്കളയിൽ എത്തി വൈദ്യുതി ബൾബ് പ്രകാശിപ്പിക്കുന്നതിനു സ്വിച്ച് പ്രവർത്തിപ്പിക്കുകയായിരുന്നു.
ബൾബ് പ്രകാശിക്കുന്നതിനുള്ള വൈദ്യുതിപ്രസരണത്തിനിടെ തീ ആളി കത്തുകയായിരുന്നു. മാത്യുവിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ ജെസിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തുടർന്നു പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ രാവിലെ മരണപ്പെട്ടു. അപകടത്തിൽ ഗ്യാസ് സ്റ്റൗ കത്തിയമർന്നെങ്കിലും സിലിണ്ടറിനും റഗുലേറ്ററിനും കുഴപ്പമുണ്ടായില്ല.
വീട്ടിലെ ജനൽ ചില്ലുകളും ഫൈബർ, പ്ലാസ്റ്റിക് വാതിലുകളും തകർന്നു. മുറിയിലെ കർട്ടനുകളിലേക്കും തീപടർന്നു പിടിച്ചിരുന്നു. അപകടത്തിനുശേഷം പോലീസ്, ഫോറൻസിക്, ഫയർഫോഴ്സ്, കെഎസ്ഇബി, പെട്രോളിയം കന്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഗ്യാസ് അടുപ്പിൽനിന്ന് വാതകം ചോർന്നതായാണ് സംശയിക്കുന്നത്.
മക്കൾ: രാജി (ആലുവ), റീനി (ഹൈദരാബാദ്) മരുമക്കൾ: നിവിൻ, പ്രണോയി.