വാകത്താനം: മീൻവെട്ടി കഴിഞ്ഞപ്പോൾ യുവതിയുടെ സ്വർണ മോതിരത്തിന്റെ നിറം മാറി. മീനിലെ രാസവസ്തുവാണോ സ്വർണത്തിന്റെ നിറം മാറ്റത്തിന്റെ കാരണമെന്ന സംശയം.
പൊങ്ങന്താനം കട്ടത്തറയിൽ ജനിമോന്റെ ഭാര്യയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നഴ്സുമായ ജെസിയുടെ രണ്ടു മോതിരത്തിന്റെ നിറം മങ്ങി. ആറ് വർഷം മുൻപ് തന്റെ കൈവിരലിൽ ചാർത്തിയ 916 അടയാളമുള്ള വിവാഹ മോതിരം തനി വെള്ളി പോലെയായി.
ഞായറാഴ്ച രാവിലെ സൈക്കിളിൽ കൊണ്ടുവന്ന മത്തിയിൽ ഒരു കിലോ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഡ്യൂട്ടിക്കു പോകും മുൻപേ രാവിലെ 11ന് മത്തിവെട്ടി കഴിഞ്ഞപ്പോൾ തന്റെ വിവാഹ മോതിരവും അടുത്ത വിരലിൽ കിടന്ന മറ്റൊരു മോതിരവും വെള്ളി നിറമായി എന്നാണ് ജെസി പറയുന്നത്.
മീനിൽ ചേർക്കുന്ന രാസപദാർഥങ്ങളാകാം സ്വർണ നിറം മാറ്റത്തിന്റെ കാരണമെന്നു സംശയിക്കുന്നു.
ആരോഗ്യ വകുപ്പിലും വാകത്താനം പോലീസിലും വിവരം അറിയി്ച്ചു. ആരോഗ്യവകുപ്പ് ഇന്നു പരിശോധിക്കാനെത്തുമെന്നു കരുതി വെട്ടിയ മത്തി അതേപടി ഫ്രിഡ്ജിൽ സൂക്ഷിച്ചു നിജസ്ഥിതിയറിയാൻ കാത്തിരിക്കുകയാണ് ജസിയും കുടുംബവും.