ന്യൂഡൽഹി: ഗുജറാത്തിൽ ഒന്പതാം ക്ലാസ് പാഠപുസ്തകത്തിൽ യേശുക്രിസ്തുവിനെ ദുർദേവത എന്നു വിശേഷിപ്പിച്ചത് അക്ഷന്തവ്യമായ സൂക്ഷ്മതക്കുറവാണെന്ന് സിബിസിഐ.
പാഠപുസ്തകങ്ങൾ തയാറാക്കേണ്ടത് ഏറെ ഉത്തരവാദിത്വത്തോടെയാണ്. ഒരു തലമുറയ്ക്കുതന്നെ വെളിച്ചം പകരേണ്ട പുസ്തകങ്ങളിൽ സൂക്ഷ്മതക്കുറവുകൊണ്ട് ഇത്തരം ഗുരുതരമായ പിശകുകൾ വരുന്നത് വലിയ തെറ്റു തന്നെയാണെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മോൺ. ജോസഫ് സി. ചിന്നയ്യൻ പറഞ്ഞു. ഒന്പതാം ക്ലാസിലെ പാഠഭാഗത്ത് യേശുവിനെ”ഹേവാൻ'(ദുർദേവത) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തികഞ്ഞ സൂക്ഷ്മതക്കുറവാണ് ഇതിനു പിന്നിൽ. മതേരത്വവും ആർഷസംസ്കാരവുമുള്ള ഒരു രാജ്യത്ത് ഇത്തരം തെറ്റുകൾ അക്ഷന്തവ്യമാണ്. അച്ചടിപ്പിശക് മൂലമുണ്ടായ തെറ്റാണെന്നാണ് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്ര സിംഗ് നൽകുന്ന വിശദീകരണം. തിരുത്തിയ പാഠപുസ്തകം വിതരണം ചെയ്യുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.
എന്നാൽ, ലോകം മുഴുവൻ ആരാധിക്കുന്ന യേശുക്രിസ്തുവിനെ മോശം വാക്കുകൾ ഉപയോഗിച്ചു വിശേഷിപ്പിക്കുന്നതു തീർത്തും അപമാനകരവും ദുഃഖകരവുമാണ്. അച്ചടിത്തെറ്റാണെന്നു സർക്കാർ തന്നെ വിശദീകരണം നൽകിയതിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവ പാരന്പര്യം അനുസരിച്ചു ക്ഷമിക്കുകയാണെന്നും മോൺ ചിന്നയ്യൻ പറഞ്ഞു.