വെതർഫോർഡ് (ടെക്സസ്): ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീട്ടുമുറ്റത്തു തയാറാക്കിയിരുന്ന നാറ്റിവിറ്റി സീനിൽ നിന്നും ഉണ്ണിയേശുവിനെ മോഷ്ടിച്ച പ്രതിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു. നവംബർ 23 ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം.
കറുത്ത വസ്ത്രം ധരിച്ച അമേരിക്കൻ വനിത വീടിനു മുറ്റത്ത് പ്രവേശിച്ചു. ഉണ്ണിയേശുവിനെ മോഷ്ടിക്കുന്ന ചിത്രം കാമറയിൽ പതിഞ്ഞിരുന്നു. അതോടൊപ്പം ഇവർ ധരിച്ചിരുന്ന ഷുസിന്റെ അടയാളവും സ്ഥലത്തു കണ്ടെത്തിയിരുന്നു.
ഞങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ ജീസസിനെ അവർക്കായിരിക്കാം വേണ്ടത്. മോഷണത്തെ കുറിച്ചു വീട്ടുടമസ്ഥർ പോലീസിനോട് പ്രതികരിച്ചതിങ്ങനെയായിരുന്നു. മോഷ്ടിച്ചതു ഉണ്ണിയേശുവിനെയാണെങ്കിലും ഇത്തരം മോഷണത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല ഷെറിഫ് ഫൗളർ പറഞ്ഞു. മോഷണത്തിനു വനിതയെ പ്രേരിപ്പിച്ചതെന്താണെന്നും അന്വേഷിക്കേണ്ടതുണ്ടെന്നു ഷെറിഫ് കൂട്ടിച്ചേർത്തു.
ജീസസിനെ മോഷ്ടിച്ച ശേഷം അപ്രത്യക്ഷമായ യുവതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹകരണം പോലീസ് അഭ്യർത്ഥിച്ചു. വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സ് 817 599 5555 എന്ന നന്പറിൽ ബന്ധപ്പെടണമെന്നും അഭ്യർഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ