ന്യൂഡൽഹി: ഭക്ഷണത്തിൽ വസ്ത്രത്തിലെ കുടുക്ക് ലഭിച്ച യാത്രക്കാരന് ജെറ്റ് എയർവെയ്സ് നൽകേണ്ടിവന്നത് അരലക്ഷം രൂപയുടെ നഷ്ടപരിഹാരം. വിമാനത്തിലെ ഭക്ഷണത്തിൽനിന്നും ബട്ടൺ ലഭിച്ച യാത്രക്കാരനാണ് 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചത്. 2014 ൽ ഡൽഹി-അഹമ്മദാബാദ് വിമാനത്തിലായിരുന്നു സംഭവം.
ജെറ്റ് എയർവെയ്സിലെ ബിസിനസ് ക്ലാസിലെ യാത്രക്കാരന് വെളുത്തുള്ളി ബ്രെഡിൽനിന്നാണ് ബട്ടൻ ലഭിച്ചത്. സംഭവത്തെ തുടർന്ന് യാത്രക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി 50,000 രൂപ നഷ്ടപരിഹാരം വിധിച്ചു.
നേരത്തെ ഡൽഹി വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ വിഐപി ലോഞ്ചിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയത് വിവാദമായിരുന്നു. സംഭവത്തെ തുടർന്ന് വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയ എയർ ഇന്ത്യ യാത്രക്കാരനോട് ക്ഷമ ചോദിച്ചു. മാധ്യമപ്രവർത്തകനായ ഹരിന്ദർ ബവേജയാണ് ചിത്രം സഹിതം ട്വിറ്ററിലൂടെ പരാതിപ്പെട്ടത്.