ന്യൂഡൽഹി: എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഏറ്റെടുക്കാൻ താത്പര്യമറിയിച്ച് രാജ്യത്തെ ഏറ്റവും വലിയ ബജറ്റ് എയർലൈൻസ് ആയ ഇൻഡിഗോ മുന്നോട്ടുവന്നത് കഴിഞ്ഞ വർഷമാണ്. ഇതിനു പിന്നാലെ ഏറ്റെടുക്കാൻ താത്പര്യമറിയിച്ച് ജെറ്റ് എയർവേസും ഇപ്പോൾ രംഗത്തെത്തി.
ജെറ്റ് എയർവേസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് വാങ്ങാൻ താത്പര്യമറിയിച്ചത്. യൂറോപ്യൻ എയർലൈനറായ എയർ ഫ്രാൻസ് – കെഎൽഎം, അമേക്കൻ കമ്പനിയായ ഡെൽറ്റ എയർലൈൻസ് എന്നിവരാണ് കൺസോർഷ്യത്തിലെ അംഗങ്ങൾ.
കടത്തിൽ മുങ്ങിയിരിക്കുന്ന എയർ ഇന്ത്യയുടെ വില്പനയ്ക്കായി വൈകാതെ കേന്ദ്ര സർക്കാർ ടെൻഡർ ക്ഷണിക്കും. കഴിഞ്ഞ വർഷം തുർക്കിയിലെ സെലീബി ഏവിയേഷൻ ഹോൾഡിംഗ്സും ഡൽഹി ആസ്ഥാനമായുള്ള ബേർഡ് ഗ്രൂപ്പും എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ താത്പര്യമറിയിച്ച് രംഗത്തെത്തിയിരുന്നു.
പ്രധാന എയർലൈൻ ബിസിനസ് (എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്), റീജണൽ സർവീസ് നടത്തുന്ന അലിയൻസ് എയർ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, എൻജിനിയറിംഗ് എന്നിങ്ങനെ നാലു ഭാഗങ്ങളായി എയർ ഇന്ത്യയെ വിൽക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. എയർ ഇന്ത്യയിൽ 49 ശതമാനം നിക്ഷേപം നടത്താൻ വിദേശ വിമാനക്കമ്പനികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ വില്പന പൂർത്തിയാക്കുകയാണ് ലക്ഷ്യം.