നെടുമ്പാശേരി: വിഷു ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നു പുറപ്പെട്ട ജെറ്റ് എയർവേസിന്റെ തെരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളിൽ പ്രത്യേക വിഭവങ്ങൾ വിളന്പി.
ജെറ്റ് എയർവേസിന്റെ ഷെഫുകൾ തയാറാക്കിയ വിഭവങ്ങളാണു നെടുമ്പാശേരി, കോഴിക്കോട്, തിരുവനന്തപുരം, ദമാം, മസ്കറ്റ്, ദോഹ, ഷാർജ എന്നീ നഗരങ്ങളിൽനിന്നുള്ള വിമാനങ്ങളിലെ പ്രീമിയർ, എക്കോണമി ക്ലാസുകളിലെ യാത്രക്കാർക്കു വിതരണം ചെയ്തത്.
പ്രീമിയർ ക്ലാസുകളിലെ യാത്രക്കാർക്കു ബ്രേക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എന്നീ വേളകളിൽ സ്പെഷൽ ഡിഷുകൾ നല്കി. ബ്രേക്ഫാസ്റ്റിനു വെജിറ്റബിൾ മപ്പാസ്, ഇല അട, വെജിറ്റബിൾ സ്റ്റ്യു, പുട്ട്, ഇഡലി, ചിപ്സ് എന്നീ വിഭവങ്ങളാണു വിളന്പിയത്. ഉച്ചയ്ക്കും രാത്രിയിലും അവിയൽ, മത്തങ്ങ തോരൻ, തേങ്ങാപ്പാലിൽ വേവിച്ച, കറിവേപ്പിലയും കടുകും ചേർത്ത പച്ചക്കറികൾ, ചമ്പ അരി, മത്തങ്ങ കറി, പച്ചടി തുടങ്ങിയവ ഊണിനൊപ്പമുണ്ടായിരുന്നു.
മൂന്നുനേരം പ്രത്യേകമായി പായസവും യാത്രക്കാർക്കു നല്കി. ഇക്കോണമി ക്ലാസ് യാത്രക്കാർക്കും പ്രത്യേക വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ഈ വിമാനങ്ങളിൽ ഇന്നും ഈ മെനു തന്നെയായിരിക്കും യാത്രക്കാർക്കായി ഒരുക്കുക.
കേരളത്തിൽനിന്ന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർക്കൊപ്പം വിഷു ആഘോഷിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും ഉത്സവവേളകളിൽ പ്രത്യേക വിഭവങ്ങൾ നൽകുന്നതിലൂടെ ഇന്ത്യൻ സംസ്കാരത്തെ ഉയർത്തുകയും ആദരിക്കുകയുമാണു ചെയ്യുന്നതെന്നും ജെറ്റ് എയർവേസ് പ്രൊഡക്റ്റ് ആന്ഡ് സർവീസസ് എക്സി. വൈസ് പ്രസിഡന്റ് ജയരാജ് ഷൺമുഖം പറഞ്ഞു.