സ്വന്തം ലേഖകൻ
തിരുവനന്തപുരം: റിട്ട. എസ്ഐയെ കൊലപ്പെടുത്തിയ കേസിൽ 25 വർഷക്കാലമായി ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ട പള്ളിത്തുറ നെഹ്റു ജംഗ്ഷൻ തിരുഹൃദയ ലെയ്നിൽ താമസിക്കുന്ന സന്തോഷ് (ജെറ്റ് സന്തോഷ് -43) നെ തുന്പ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നാടൻതോക്കും ആറ് തിരകളും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
ഇയാളുടെ വീട് വളഞ്ഞ പോലീസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
തുന്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിനു ശ്രീദേവിയുടെ നെറ്റിയിൽ തോക്ക് ചൂണ്ടുകയും ആഴത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
മറ്റ് പോലീസുകാർക്കു നേരെ വെടിയുതിർക്കാനുള്ള ശ്രമം ചെറുത്ത് കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അട്ടക്കുളങ്ങര സബ് ജയിലിനുസമീപം ബോംബേറിൽ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടയായിരുന്ന എൽടിടിഇ കബീറിന്റെ സംഘത്തിലെ അംഗമായിരുന്നു ജെറ്റ് സന്തോഷ്.
മുന്പ് കബീറിനെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലെ എസ്ഐ ആയിരുന്ന ചെന്പഴന്തി സ്വദേശി കൃഷ്ണൻകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത് സന്തോഷ് ഉൾപ്പെട്ട സംഘമായിരുന്നു.
1997 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൃഷ്ണൻകുട്ടി സർവീസിൽ നിന്നും വിരമിച്ച ദിവസമായിരുന്നു സന്തോഷും സംഘവും കൊലപാതകം നടത്തിയത്.
കൃത്യത്തിനുശേഷം ഒളിവിലിയായിരുന്ന ഇയാളെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാൻഡ് ചെയ്ത ഇയാൾ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു.
കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു ഒളിവു വാസം. വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇയാളെ പിടികൂടാനായി പ്രത്യേക പോലീസ് സംഘത്തെ സിറ്റി പോലീസ് കമ്മീഷണർ നിയോഗിച്ചിരുന്നു.
ഇയാൾ രഹസ്യമായി നാട്ടിൽ എത്തിയ വിവരം അറിഞ്ഞ് 2017 ലും 2020ലും പിടികൂടാൻ പോലീസ് ശ്രമിച്ചപ്പോൾ പോലീസ് സംഘത്തിനു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടിരുന്നു.
പള്ളിത്തുറയിലും ബീച്ചിനു സമീപത്തും വച്ചായിരുന്നു പോലീസിന് നേരെ ആക്രമണം നടത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ടിരുന്നത്. ഈ സംഭവങ്ങളിലും തുന്പ പോലീസ് ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സന്തോഷ് രാത്രിയിൽ വീട്ടിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം ഇയാളുടെ വീട് വളഞ്ഞിരുന്നു.
ഇന്നലെ പുലർച്ചെയും സമാനമായ രീതിയിൽ പോലീസ് സംഘത്തിനുനേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ ഇയാളെ പോലീസ് കീഴടക്കുകയായിരുന്നു.
കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഹരി, തുന്പ എസ്എച്ച്ഒ ശിവകുമാർ, എസ്ഐമാരായ അശോക് കുമാർ, ഇൻസാം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.