സ്വന്തം ലേഖകൻ
തൃശൂർ: തകർന്ന റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നടുറോഡിലെ ഗട്ടറിൽ തന്റെ അടിവസ്ത്രമഴിച്ച് വിരിച്ച് ജെട്ടി ചലഞ്ച് നടത്തിയ തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ ഒടുവിൽ മാപ്പു പറഞ്ഞെങ്കിലും നടപടിക്ക് സാധ്യത.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലിലെ ഓർത്തോപീഡിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫ.ഡോ. സി.വി. കൃഷ്ണകുമാറാണ് കഴിഞ്ഞ ദിവസം ചാവക്കാട്-ചേറ്റുവ റോഡിൽ വേറിട്ട പ്രതിഷേധം നടത്തിയത്.
റോഡ് പൊളിഞ്ഞതിനു പിന്നിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും എംഎൽഎയുടേയും അഴിമതിയുണ്ടെന്നും ചലഞ്ചിന് മുന്പായി നടത്തിയ പ്രതിഷേധ പ്രസംഗത്തിൽ ഡോ.കൃഷ്ണകുമാർ പറയുകയും ചെയ്തു.
തുടർന്നാണ് റോഡിലെ ഗട്ടറിനു മുകളിൽ തന്റെ അടിവസ്ത്രമഴിച്ച് വിരിച്ചത്. സംഗതി വൈറലായി.ആരോഗ്യമന്ത്രി കെ.കെ. ശൈലജ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.
പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ ഓഫീസും സംഭവത്തിന്റെ വിശദീകരണം തേടി. കെ.വി.അബ്ദുൾഖാദർ എംഎൽഎയും സംഭവത്തിനെതിരെ രംഗത്തുവന്നു.
ഇതോടെ തൃശൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എം.എ.ആൻഡ്രൂസ് ഡോ.കൃഷ്ണകുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. തനിക്ക്
ജാഗ്രതക്കുറവുണ്ടായെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും പ്രതികരണത്തിന് തെരഞ്ഞെടുത്ത വഴി തെറ്റിയെന്നും മന്ത്രിയുടേയും എംഎൽഎയുടേയും പേരിൽ അഴിമതി ആരോപിച്ചത് വലിയ തെറ്റാണെന്നും ഡോ.കൃഷ്ണകുമാർ നൽകിയ വിശദീകരണകുറിപ്പിലുണ്ട്.
അതേസമയം സോഷ്യൽമീഡിയ ഡോക്ടറുടെ ജെട്ടി ചലഞ്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുമായി രംഗത്തെത്തിയിട്ടു.ഡോ. കൃഷ്ണകുമാറിന്റെ പ്രതികരണത്തിൽ കുഴപ്പമില്ലെന്നും എന്നാൽ അടിവസ്ത്രമുരിഞ്ഞുള്ള പ്രതിഷേധ രീതിയാണ് കുഴപ്പമെന്നും പലരും വിമർശിക്കുന്നു.
തകർന്ന റോഡിനെ വിമർശിക്കാൻ ഒരു ഓർത്തോ സർജനെക്കാൾ അനുയോജ്യൻ മറ്റാരാണ് എന്ന ചോദ്യവും ഒരു കൂട്ടർ ഉയർത്തിയിട്ടുണ്ട്. കെ.വി.അബ്ദുൾഖാദർ എംഎൽഎയുടെ പരാതിയെത്തുടർന്ന് ചാവക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.