കോഴിക്കോട്: മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് നാലുപേര്‍ പിടിയിലായി. അഞ്ചുപേരെകൂടി കിട്ടാനുണ്ട്. കവര്‍ച്ചചെയ്ത സ്വര്‍ണം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ കെ.എം. ജ്വല്ലറി നടത്തുന്ന കിണാത്തിയില്‍ യൂസഫ്, സഹോദരന് ഷാനവാസ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
പെരിന്തല്‍മണ്ണ-പട്ടാമ്പി േറാഡില്‍ അലങ്കാര്‍ തിയറ്റിനുസമീപം ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം. പതിവുപോലെ ജ്വല്ലറി അടച്ചശേഷം സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. പിതാവിന്റെ കാലത്തുള്ള ജ്വല്ലറിയാണ്. ഓടിട്ട കെട്ടിടമായതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ കടപൂട്ടി പോകുമ്പോള്‍ ബാഗിലാക്കി വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ് ഇവരുടെ പതിവ്. കാറില്‍ ഇരുവരെയും പിന്തുടര്ന്നെത്തിയ സംഘം ആദ്യം കാർകൊണ്ടു സ്കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു.
അലങ്കാര്‍ കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിന് മുന്നിലെ ഗേറ്റില്‍ സ്കൂട്ടര്‍ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാര്‍ ഇടിച്ചതോടെ സ്കൂട്ടര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. തുടർന്നു സ്വര്‍ണമടങ്ങിയ ബാഗും സ്കൂട്ടറിന്റെ ഡിക്കിയിലുണ്ടായിരുന്ന ബാഗും കൊളളയടിച്ച് വന്ന കാറില്‍തന്നെ ചെര്‍പ്പുളശേരി ഭാഗത്തേക്കുകടന്നു. ജ്വല്ലറി മുതല്‍ തന്നെ കാര്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.
കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പ്രവര്‍ത്തിച്ചത്. പരിക്കേറ്റ യൂസഫ് ഉടൻ തന്നെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി. അതിനുശേഷം മൗലാനാ ആശുപത്രിയില്‍ ചികില്‍സ തേടി.
കേസ് രജിസ്റ്റര്‍ചെയ്ത പെരിന്തല്‍മണ്ണ പോലീസ് ഉടനെത്തന്നെ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. അതിനാല്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു.
തൃശൂര്‍ ഈസ്റ്റ്പോലീസാണ് നാലുപേരെ പിടികൂടിയത്. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന്, തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്, നിഖില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇനി അഞ്ചുപേരെകൂടി പിടികിട്ടാനുണ്ട്. കവര്‍ന്ന സ്വര്‍ണം കിട്ടിയിട്ടില്ല. പെരിന്തല്‍മണ്ണ സിഐ സുധാകരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.