അമ്പതു പവനും ഒന്നേകാല്‍ ലക്ഷം രൂപയും ജീവനക്കാരി അടിച്ചുമാറ്റിയെന്ന് റാന്നിയിലെ ജ്യൂവലറി ഉടമ; ജീവനക്കാരിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തു വന്നത് പീഡനകഥ; പണിപാളുമെന്ന് മനസിലായപ്പോള്‍ മുതലാളി മുങ്ങി

 

റാന്നി: തന്റെ കടയില്‍ നിന്ന് 50 പവനും ഒന്നേകാല്‍ ലക്ഷം രൂപയും മോഷണം പോയെന്നു കാട്ടിയാണ് റാന്നി ഇട്ടിയപ്പാറ ടൗണിലെ ജ്യൂവല്ലറി ഉടമ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. നിമിഷങ്ങള്‍ക്കകം കടയില്‍ അടുത്ത സമയം വരെ ജോലി നോക്കിയിരുന്ന രണ്ടു ജീവനക്കാരികളെ പൊലീസ് പൊക്കുകയും ചെയ്തു.ഇവരാകാം മോഷ്ടിച്ചതെന്ന ഉടമയുടെ ഊഹം കണക്കിലെടുത്തായിരുന്നു ജീവനക്കാരികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജ്യൂവലറിയില്‍ നടത്തിയിരുന്ന സ്വര്‍ണ ചിട്ടിയിലേക്ക് വരിക്കാര്‍ നല്‍കിയ പണം അടയ്ക്കാതെ അടിച്ചു മാറ്റി തിരിമറി നടത്തിയെന്നായിരുന്നു പരാതി. പൊലീസിന്റെ വിരട്ടും ഉടമയുടെ പരാതിയുമൊന്നും ജീവനക്കാരികള്‍ കൂസലില്ലാതെയാണ് നേരിട്ടത്.

50 പവന്‍ പലപ്പോഴായിട്ടാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു ഉടമ നല്‍കിയ വിവരം. ജീവനക്കാരികളെ അറസ്റ്റ് ചെയ്യുമെന്നും തെളിവുണ്ടെന്നുമൊക്കെ ഇന്നലെ ഉച്ച വരെ പൊലീസ് വിവരം നല്‍കിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും കളം മാറി. അങ്ങനെ ഒരു കേസ് തന്നെ ഇല്ലെന്നായി പൊലീസ്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കേസ് ഒത്തു തീര്‍ന്നുവെന്നും പരാതി പിന്‍വലിച്ച ജ്യൂവല്ലറി ഉടമ പമ്പ കടന്നുവെന്നും അറിയുന്നത്. ജീവനക്കാരികളില്‍ ഒരാള്‍ ഉടമയും മകനുംമാറി മാറി തന്നെ ലൈംഗികചൂഷണം നടത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഇതിനെതിരേ പരാതി നല്‍കണമെന്നും ദൃശ്യതെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും അറിയിച്ചു. ഇതു കടയിലെ മറ്റു ജീവനക്കാര്‍ ശരിവച്ചുവെന്നും പറയുന്നു. ഇതോടെ ഉടമയ്ക്ക് പരാതി പിന്‍വലിച്ചു മുങ്ങുകയല്ലാതെ മാര്‍ഗമില്ലായിരുന്നു.

 

Related posts