സ്വന്തം ലേഖകന്‍
കോഴിക്കോട്: പട്ടാപ്പകല്‍ കോഴിക്കോട്ടെ ജ്വല്ലറിയില്‍ നിന്നും 11.22 ലക്ഷം രൂപയും 5.70 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണവും മോഷ്ടിച്ച പ്രതികളുടെ ‘ആസൂത്രണം’ കണ്ട് ഞെട്ടി പോലീസ്. കവര്‍ച്ച നടത്തിയ രീതിയും പിടിക്കപ്പെടാതിരിക്കാന്‍ നടത്തിയ ശ്രമവും പോലീസിനെ ആകെ കുടുക്കിയിരുന്നു.
സിസിടിവിയുടെ സഹായം ഇത്തവണ മറ്റൊരുരീതിയില്‍ ലഭ്യമായ കേസില്‍ ഒരാഴ്ച കൊണ്ട് നാലു പ്രതികളെയും പൊക്കാന്‍ പോലീസിന് കഴിഞ്ഞു.
വലയിലായ പ്രതികളില്‍ രണ്ടുപേര്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുമാണ്. കടയുടമയുടെ വിശ്വസ്തനായിരുന്നു പ്രതികളില്‍ ഒരാളായ സര്‍ഫാസ്.
കടയിലെ എല്ലാ നീക്കങ്ങളും മനസിലാക്കിയ സര്‍ഫാസ് ഷട്ടറിന്റെ പൂട്ടിന്റെ താക്കോല്‍ നഷ്ടപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കൈക്കലാക്കിവച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉടമയും മറ്റ് സ്റ്റാഫുകളും പള്ളിയില്‍ പോയ തക്കം നോക്കി മുന്‍കൂട്ടി തീരുമാനിച്ച തിരക്കഥ പോലെ മറ്റ് മൂന്ന് പേരെയും കൂട്ടി സ്വര്‍ണ കടയില്‍ കയറി സ്വര്‍ണവും പണവും കവര്‍ന്നു.
കടയിലെ സിസിടിവിയില്‍ പതിഞ്ഞ കണ്ണാടിയിലെ പ്രതി രൂപങ്ങളാണ് പ്രതികളെ പിടികൂടാന്‍ പോലീസിന് സഹായകരമായത്.
സ്വര്‍ണകടയിലെ സ്റ്റാഫ് പള്ളിയില്‍ പോകുന്നതിനായി കട അടച്ചിട്ട 12.30നും ഒന്നിനും ഇടയിലാണ് ഷട്ടര്‍ തുറന്ന് കടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തത്.
പോലീസ് പറയുന്നതിങ്ങനെ…
കടയുടമയുടെ വിശ്വസ്തനായി നടിച്ച് സര്‍ഫാസ് കടയുടമ സ്വര്‍ണം വയ്ക്കുന്നതും പണം വയ്ക്കുന്നതും കാമറയുടെ ഡിവിആറിന്റെ സ്ഥാനവും കൃത്യമായി മനസിലാക്കി.
ദിവസവും കാമറ പരിശോധിച്ച ശേഷം വെള്ളിയാഴ്ച പകല്‍ തെരഞ്ഞെടുക്കുകയായിരുന്നു. രാത്രി പോലീസ് ചെക്കിംഗുണ്ടാകുന്നതിനാലാണ് പകല്‍ തെരഞ്ഞെടുത്തത്.
സിസിടിവി കാമറയില്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ കമ്മത്തിലെയ്നിലെ ഭൂരിഭാഗം ആളുകളും വെളുത്ത വസ്ത്രം ധരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ പ്രയാസമായിരിക്കുമെന്ന് മനസിലാക്കിയ സര്‍ഫാസ് കൂട്ടാളികള്‍ക്ക് വിവരം കൈമാറുകയായിരുന്നു.
തുടര്‍ന്ന് കൂടുതല്‍ പണവും സ്വര്‍ണവും എത്തുന്നത് വരെ കാത്തിരിക്കാന്‍ സര്‍ഫാസ് സംഘാംഗങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ഫോണ്‍ ഉപയോഗിച്ചില്ല, കാമറ മറച്ചു, പ്രതിബിംബത്തില്‍ കുടുങ്ങി
ഫോണ്‍ ഉപയോഗിച്ചാല്‍ പോലീസ് കണ്ടെടുത്തുമെന്നതിനാല്‍ സംഭവസമയം ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ കവര്‍ച്ചാ സംഘം ശ്രദ്ധിച്ചു.
പ്രണവും സുബീഷും പോസ്റ്റല്‍ സര്‍വ്വീസില്‍ ജോലിയുള്ളവരാണെങ്കിലും പെട്ടെന്ന് പണക്കാരായി ആര്‍ഭാടജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു.
അടുത്തുള്ള സ്വര്‍ണക്കടയിലെ സിസിടിവിയില്‍ പതിഞ്ഞ കണ്ണാടിയിലെ പ്രതിബിംബം കേസിലെ വഴിത്തിരി വാകുകയായിരുന്നു.
അതേ കടയില്‍ വന്ന് ഗ്യാരണ്ടി ആഭരണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് കടക്കാരുടെ ശ്രദ്ധതിരിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ സിറ്റി ക്രൈം സ്ക്വാഡ് വിശദമായ പരിശോധന നടത്തിയപ്പോള്‍ അത് പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്ന സുബീഷ് ആണെന്ന് തിരിച്ചറിഞ്ഞു.
പ്രണവിന്റെ കാര്‍ മോഷണം നടന്ന ദിവസം രാവിലെ മുതല്‍ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത് കടയുടെ എതിര്‍വശത്തെ സ്വര്‍ണക്കടയിലെ കാമറകളില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ മറച്ചു പിടിച്ചു.
കാമറകള്‍ അധികമില്ലാത്ത വഴി തെരഞ്ഞെടുത്തതും വസ്ത്രധാരണത്തിലെ പ്രത്യേകതയും ഡിവിആര്‍ അഴിച്ചെടുത്ത രീതിയും വിശകലനം ചെയ്ത സിറ്റി ക്രൈം സ്ക്വാഡിന് പ്രതിയിലേക്ക് അധികം ദൂരമില്ലെന്ന് മനസിലായി.
കടയുടമയുടെ വിശ്വസ്തനായി നടിച്ച് കവര്‍ച്ച ആസൂത്രണം ചെയ്ത് അതി വിദഗ്ധമായി നടപ്പിലാക്കിയെങ്കിലും പോലീസ് തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ കവര്‍ച്ചാ രീതി വിശദമാക്കി. പ്രതികളില്‍ നിന്നും നഷ്ടപ്പെട്ട മുതലുകള്‍ പോലീസ് കണ്ടെടുത്തു.