പുനലൂർ: പലരിൽ നിന്നും ലക്ഷങ്ങളുമായി മുങ്ങിയ ജൂവലറി ഉടമയെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പുനലൂർ പോസ്റ്റ് ഓഫീസ് ജങ്ഷനിലെ പവിത്രം ജൂവലറി ഉടമ പുനലൂർ ടൗൺ സ്വദേശി സാമുവേൽ എന്ന സാബുവിനെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ചതി, വഞ്ചന, നിക്ഷേപത്തട്ടിപ്പ് എന്നി കുറ്റങ്ങൾ ചുമത്തി മുന്ന് കേസാണ് ഇയാൾക്കെതിരെ പോലീസ് ചാർജ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ മാസം അവസാന ആഴ്ചയ മുതലാണ് ജുവലറി പൂട്ടി ഉടമ മുങ്ങിയത്. ഇയാൾക്കെതിരെ നാട്ടുകാരിൽ ചിലർ പരാതി നൽകിയിരുന്നു. പ്രത്യേക പോലീസ് സംഘം പലയിടത്തും അന്വേഷണം നടത്തിയെങ്കിലും സാബുവിനെ കണ്ടെത്താനായില്ല.
കൂടിയ പലിശക്കും സ്വർണ ചിട്ടി ഇനത്തിലും പലരിൽ നിന്നും വൻതുകയാണ് കൈക്കലാക്കിയത്.
മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ്ക്കായി നിക്ഷേപം നടത്തിയ വീട്ടമ്മമാർ, തൊഴിലാളികൾ, പെൻഷൻകാർ തുടങ്ങിയരാണ് കബളിപ്പിക്കലിന് ഇരയായത്. സ്വർണ ചിട്ടി, നിക്ഷേപം എന്നീ ഇനങ്ങളിലും പണം നൽകിയിരുന്നു.
ഇരുപതോളം പേരാണ് പരാതി നൽകിയത്. 20 ലക്ഷം രൂപ വരെ ഇവിടെ പലിശക്ക് പണം നൽകിയവരുണ്ട്. ബ്ലേഡ് കമ്പനികൾ നൽകുന്നതിനെക്കാൻ കൂടിയ പലിശയിലാണ് നാട്ടുകാരിൽ നിന്നും വൻതുകകൾ നിക്ഷേപമായി സ്വീകരിച്ചിരുന്നത്.
നിക്ഷേപം കൂടാതെ കുറേശേ പണം അടച്ച് നിശ്ചിത കാലമെത്തുമ്പോൾ സ്വർണാഭരണങ്ങൾ വാങ്ങിക്കാൻ കഴിയുന്ന നിലയിൽ സ്വർണചിട്ടിയും ഇൻസ്റ്റാൾമെന്റ് പദ്ധതികളും ഉണ്ടായിരുന്നു.
ഈ ഇനത്തിലും നിരവധിയാളുകളുടെ തുക നഷ്ടപെട്ടിട്ടുണ്ടെന്ന് അറിയുന്നു. കൂടാതെ വലിയ പലിശ പ്രതീക്ഷിച്ച് വൻതുക നൽകിയിട്ടുള്ള പലരും നാണക്കേട് ഓർത്ത് പരാതിയുമായി രംഗത്ത് വന്നിട്ടില്ല.