ബാലരാമപുരം: ദേശീയപാതയിൽ ബാലരാമപുരത്ത് അടുത്തടുത്തുള്ള മൂന്ന് ജ്വല്ലറികളിൽ മോഷണം. ബാലരാമപുരം -നെയ്യാറ്റിൻകര റോഡിൽ കണ്ണൻ ജ്വല്ലറി, പത്മനാഭ ജ്വല്ലറി, പ്രശാന്ത് ജ്വല്ലറിഎന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
കണ്ണൻ ജ്വല്ലറിയിൽനിന്ന് വെള്ളി ആഭരണങ്ങളും പത്മനാഭയിൽനിന്ന് മൂന്ന് ഗ്രാം സ്വർണാഭരണവും പ്രശാന്ത് ജ്വല്ലറിയിലെ നാല് ഗ്രാം സ്വർണപ്പണ്ടവുമാണ് മോഷ്ടിക്കപ്പെട്ടത്.
അടുത്തടുത്തുള്ള മൂന്ന് ജ്വല്ലറികളുടെയും പൂട്ട്പൊളിച്ച് ഉള്ളിൽ കടന്നായിരുന്നു കവർച്ച പുലർച്ചെ രണ്ടിനും നാലിനും ഇടയ്ക്കായിരിക്കും മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു.
സ്ഥലത്തെ സിസി ടി വി ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.
കടകൾ അടയ്ക്കുമ്പോൾ ആഭരണങ്ങൾ വീട്ടിൽ കൊണ്ട് പോകുന്ന പതിവ് ഉള്ളതിനാൽ വൻ കവർച്ച ഒഴിവായി.